ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യ പാർട്ടികൾ നടത്തിയ മാർച്ചും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കുത്തിയിരിപ്പ് സമരവും അറസ്റ്റുകളിലേക്ക് കടന്നതോടെ  വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. വൈകീട്ട് നാലുമണിവരെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗത്ത്‌നിന്നും കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ലഭിച്ചിരുന്നില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു രാഹുലിന്റെ നേതൃത്വത്തിലുള്ള കുത്തിയിരിപ്പ് സമരം. രാഹുലിനെയടക്കം കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കമ്മിഷൻ വിശദീകരണം നടത്തിയിരിക്കുന്നത്.

To advertise here,

'ചില രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് നടത്തിയ മാർച്ചിനിടെ, ചില പാർലമെന്റ് അംഗങ്ങൾ തങ്ങളുടെ പ്രതിനിധി സംഘത്തോടൊപ്പം കമ്മിഷനെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇന്ന് വൈകുന്നേരം നാലു മണിവരെ ഒരു രാഷ്ട്രീയ പാർട്ടിയും തങ്ങളുടെ പ്രതിനിധികൾ വഴി തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ചയ്ക്കായി സമയം ചോദിച്ചിരുന്നില്ല' കമ്മിഷൻ പ്രസ്താവനയിൽ അറിയിച്ചു.

എന്നാൽ വൈകുന്നേരം നാലു മണിയോടെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം.പിമാരുടെ പ്രതിനിധി സംഘം കമ്മിഷനെ കണ്ട് നിവേദനം സമർപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഡൽഹി പോലീസിൽ നിന്ന് വിവരം ലഭിച്ചിരുന്നതായും കമ്മിഷൻ അറിയിച്ചു.

2025ൽ, കമ്മിഷൻ രാഷ്ട്രീയ പാർട്ടികളുമായുള്ള കൂടിക്കാഴ്ചകൾക്കായി ഒരു നടപടിക്രമം തയ്യാറാക്കിയിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഇത് അറിയിച്ചിട്ടുള്ളതും അവർ ഈ നടപടിക്രമം പിന്തുടരുന്നതുമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയോ അല്ലെങ്കിൽ പല പാർട്ടികളുടെയോ സംയുക്ത പ്രതിനിധി സംഘമോ കമ്മിഷനെ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അതത് പാർട്ടിയുടെ ഔദ്യോഗിക പ്രതിനിധി മുഖേന കൂടിക്കാഴ്ചയ്ക്കായി സമയം അഭ്യർത്ഥിക്കുകയാണ് ചെയ്യുന്നത്. ഇരുവിഭാഗവും പരസ്പരം സമ്മതിക്കുന്ന സമയത്താണ് പിന്നീട് കൂടിക്കാഴ്ച നടക്കുന്നതെന്നും നടപടിക്രമങ്ങൾ വിശദീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

240 എം.പിമാർ അടങ്ങുന്ന സംഘവുമായാണ് കൂടിക്കാഴ്ച നടത്തേണ്ടതെന്നും നിർദിഷ്ട സ്ഥലം പാർലമെന്റ് ഹൗസ് അനെക്സ് ആണെന്നും രാഹുൽ ഗാന്ധി ആവശ്യം മുന്നോട്ടുവെച്ചതായി ഡൽഹി ഡിസിപി അറിയിക്കുകയുണ്ടായി. തങ്ങൾ ഈ അഭ്യർത്ഥന അസാധാരണമായി കരുതുകയും അത് നിരസിക്കുകയും ചെയ്തു. കാരണം, തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രോട്ടോകോൾ അനുസരിച്ച് ഇത്തരം കൂടിക്കാഴ്ചകൾ കമ്മിഷൻ ആസ്ഥാനത്ത് മാത്രമേ നടത്തുവാൻ സാധിക്കൂവെന്നും പ്രസ്താവനയിൽ അറിയിച്ചു.

എം.പിമാരിൽ നിന്ന് നിവേദനം സ്വീകരിക്കുന്നതിനായി ഡ്യൂട്ടിയിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെ യോഗ സ്ഥലത്തേക്ക് അയയ്ക്കാമെന്ന് കമ്മിഷൻ നിർദേശിച്ചു. ഇത് തന്നെ മുൻപില്ലാത്തൊരു നടപടിയായിരുന്നു. എന്നാൽ ഈ നിർദേശം എംപിമാർ നിരസിച്ചതായും കമ്മിഷൻ കൂട്ടിച്ചേർത്തു.

'രാജ്യത്തെ പാർലമെന്ററി, ജനാധിപത്യ പ്രക്രിയകളെയും അതുപോലെ തന്നെ സ്വന്തം പ്രോട്ടോകോളുകളെയും തിരഞ്ഞെടുപ്പ് കമ്മിഷൻ പൂർണമായി ബഹുമാനിക്കുന്നു. ഏതൊരു രാഷ്ട്രീയ പാർട്ടിക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ചയ്ക്കായി സമയം ചോദിക്കാവുന്നതാണ്; കൂടാതെ കമ്മിഷൻ അനുയോജ്യമായ സമയം നോക്കി കൂടിക്കാഴ്ചയ്ക്കുള്ള തീയതിയും സമയവും ക്രമീകരിച്ചു നൽകുകയും ചെയ്യും. ഇതൊരു പതിവ് രീതിയാണ്' എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച രാത്രി ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.