ചണ്ഡിഗഡ്: പഞ്ചാബിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആംആദ്മി പാർട്ടി സർപഞ്ച് അശ്വനി കുമാർ ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഈ ആക്രമണത്തിൽ അദ്ദേഹത്തിന്റെ സഹായിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തൺ തരൺ ജില്ലയിലെ ടൂട്ട് ഗ്രാമത്തിലെ സർപഞ്ച് ആയ അശ്വനി കുമാർ ചൊവ്വാഴ്ച പ്രാദേശിക വിപണിയിലേക്ക് പോകുമ്പോഴാണ് അക്രമികൾ വെടിയുതിർത്തത്.

To advertise here,

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന സമാനമായ മൂന്നാമത്തെ കൊലപാതകമാണിത്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം അക്രമ സംഭവങ്ങൾ പ്രദേശത്തെ ക്രമസമാധാന നിലയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താനും കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം തിരിച്ചറിയാനും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ലുധിയാനയിൽ മുൻ സർപഞ്ച് കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.

മകനും അക്കൗണ്ടന്റിനും ഡ്രൈവർക്കുമൊപ്പം ഇന്നോവ കാറിലാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. ഈ സമയം മോട്ടോർസൈക്കിളിൽ വാഹനത്തിന് സമീപമെത്തിയ അക്രമികൾ തുരുതുരെ വെടുയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ പരിക്കേറ്റ അശ്വനി കുമാറിനെ ഉടൻ തന്നെ പാട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ സഹായി ചാംകൗർ സിംഗിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ ചികിത്സയിലാണ്.

ആക്രമികൾ സംഭവസ്ഥലത്തുനിന്ന് മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ടു. 'ആക്രമികളെ തിരിച്ചറിയാനും കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം കണ്ടെത്താനുമുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.' ഒരു അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ശനിയാഴ്ച, ലുധിയാനയിൽ മനേവാൾ ഗ്രാമത്തിലെ മുൻ സർപഞ്ചായ നവ്തേജ് സിംഗ് സമാനമായ രീതിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തിന്റെ ഇന്നോവ കാർ തടഞ്ഞുനിർത്തി ബൈക്കിലെത്തിയ രണ്ടുപേർ കുറഞ്ഞത് 10 റൗണ്ടെങ്കിലും വെടിയുതിർക്കുകയായിരുന്നു. ഈ ആക്രമണം കാറിന്റെ ഡാഷ്‌ക്യാമിൽ പതിഞ്ഞിട്ടുണ്ട്.

അതേ ദിവസം തന്നെ, അമൃത്സറിൽവെച്ച് പഞ്ചാബി ഇൻഫ്‌ളുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു ബൈക്കിലെത്തിയ രണ്ടുപേരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. LGBTQ+ സമൂഹത്തിലെ അംഗമായിരുന്ന സന്ധു പഞ്ചാബിനെ നശിപ്പിച്ചു എന്ന് ആരോപിച്ച് ചിലർ ഒരു ഗുണ്ടാസംഘാംഗത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

മധുസൂദൻ എന്ന് യഥാർത്ഥ പേരുള്ള സന്ധു, മേക്കപ്പ്, സിനിമാ മേഖല, ജെൻഡർ വിഷയങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കാൻ പോഡ്കാസ്റ്റുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ നിരന്തരം അധിക്ഷേപങ്ങളും ഇയാൾ നേരിട്ടിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന ഈ കൊലപാതകങ്ങൾ പഞ്ചാബിലെ ക്രമസമാധാന നിലയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.