ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് രാജ്യത്തെ വിദ്യാർഥികളും യുവാക്കളും നടത്തിയ പോരാട്ടത്തിനൊടുവിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിൽ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കൾ. 

To advertise here,

‘പോരാട്ടവും ആത്മധൈര്യവും ഉയർത്തിയ ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്’ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. മന്ത്രിയെ സംരക്ഷിക്കാൻ പ്രധാനമന്ത്രിയും ബിജെപിയും ശ്രമിച്ചെങ്കിലും പ്രക്ഷോഭത്തിനൊടുവിൽ ധർമേന്ദ്ര പ്രധാന് നാണംകെട്ട് പടിയിറങ്ങേണ്ടിവന്നു എന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഇത് സമരവീര്യത്തിന് മുന്നിൽ ഏകാധിപതികൾക്ക് മുട്ടുമടക്കേണ്ടി വന്ന ചരിത്രവിജയമാണെന്നും വിദ്യാർഥികളുടെ ജീവിതം വെച്ചുള്ള ചൂതാട്ടം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഭിജിത് ദിപ്കെയുടെ നേതൃത്വത്തിലുള്ള കോക്രോച്ച് ജനതാ പാർട്ടിയും എസ്എഫ്ഐ ഉൾപ്പെടെയുള്ള വിവിധ വിദ്യാർഥി സംഘടനകളും സംയുക്തമായി നടത്തിയ സമരമാണ് ഈ വലിയ വിജയത്തിന് പിന്നിലെന്ന് സിപിഐ ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു. തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകളോടും ചിതലുകളോടും' ഉപമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിരുത്തരവാദപരമായ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധം കൂടിയായിരുന്നു ഇതെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി.

വിദ്യാർഥികളുടെ ഈ പോരാട്ടം രാജ്യത്തിന്റെ ജനാധിപത്യത്തെ വീണ്ടെടുക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. മഹാത്മാഗാന്ധിയെപ്പോലെ അചഞ്ചലമായും സത്യസന്ധമായും ധൈര്യത്തോടെയും നിലകൊണ്ടാൽ ആർക്കെതിരെയും വിജയിക്കാമെന്ന് യുവാക്കളും വിദ്യാർഥികളും തെളിയിച്ചു എന്ന് അവർ കൂട്ടിച്ചേർത്തു. ഭരണകൂടം വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകളും ജലപീരങ്കികളും കണ്ണീർവാതകവും പ്രയോഗിച്ചെങ്കിലും അവർ തളർന്നില്ല. പത്തൊൻപതോളം മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും ഇന്റർനെറ്റ് നിരോധിച്ചും സമരത്തെ തകർക്കാൻ ശ്രമിച്ചെങ്കിലും യുവാക്കളുടെ നിശ്ചയദാർഢ്യം ഒടുവിൽ വിജയം കണ്ടെന്ന് പ്രിയങ്ക പറഞ്ഞു.

ഇന്ത്യൻ യുവതയും വിദ്യാർഥികളും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചേർന്ന് നടത്തിയ പോരാട്ടത്തിന്റെ മുന്നിൽ മോദി മുട്ടുമടക്കിയെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ഇന്ത്യയിലെ വിദ്യാർഥികളുടെ ഭാവികൊണ്ട് പന്താടുകയായിരുന്നു സർക്കാർ. നീറ്റ് പരീക്ഷയിലൂടെ ഇതിന് നേതൃത്വം കൊടുത്ത മന്ത്രി രാജി വെക്കണം എന്നത് ന്യായമായ ആവശ്യമായിരുന്നുവെന്നും സമരം വിജയം കണ്ടതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഭരണകാലത്ത് ഇന്ത്യയുടെ വിദ്യാഭ്യാസ നിലവാരം തകർന്നുവെന്ന് മന്ത്രി കെ. എം. ഷാജി പ്രതികരിച്ചു. നിലവാരത്തകർച്ചയിൽ ഇന്ത്യയിലെ വിദ്യാർഥികളുടെ ഭാവിയും തകർന്നു. അവരുടെ ആശങ്കകളും പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിച്ചപ്പോളാണ് യുവത്വം തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചത്. വർഗീയതയും വിഭാഗീയതയും പറഞ്ഞ് മറ്റുള്ളവരെ സ്വാധീനിക്കുന്ന പോലെ യുവതലമുറയെ സ്വാധീനിക്കാൻ കഴിയില്ല എന്നതിന്റെ തെളിവ് കൂടിയാണ് ജന്തർമന്ദിറിലെ സമരവും കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജിയുമെന്ന് അദ്ദേഹം പ്രതികരിച്ചു.