ഉത്തരകാശി: സില്‍ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ച രാവിലെയും പുനഃരാരംഭിക്കാന്‍ സാധിച്ചില്ല. വ്യാഴാഴ്ച രാത്രിയോടെ ഡ്രില്ലിങ് യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് രക്ഷാദൗത്യം വീണ്ടും അനിശ്ചിതത്വത്തിലായത്. യന്ത്രം സ്ഥാപിച്ച ബേസ്‌മെന്റിന് തകരാര്‍ സംഭവിച്ചതാണ് ദൗത്യം വീണ്ടും തടസ്സപ്പെടാന്‍ കാരണമായത്.

To advertise here,

നാലരകിലോമീറ്റര്‍ ദൂരമുള്ള തുരങ്കത്തിന്റെ 57 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്. ഇതുവരെ 46.8 മീറ്റര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുരന്നുകയറിയിട്ടുണ്ട്. തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയത്തോട് അടുക്കുമെന്ന് തോന്നിച്ച ശേഷമാണ് വീണ്ടും പ്രതിസന്ധിയിലായത്.

അതേസമയം, 13 ദിവസമായി തുരങ്കത്തില്‍ അകപ്പെട്ടുകിടക്കുന്ന തൊഴിലാളികള്‍ക്ക് നേരംപോക്കിനായി വിനോദ ഉപാധികള്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുന്നതായി അധികൃതര്‍ അറിയിച്ചു. ഉള്ളില്‍ കുടുങ്ങിയവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ദൗത്യമുഖത്തുള്ള സൈക്യാട്രിസ്റ്റ് ഡോ. രോഹിത് ഗോണ്ട്വാള്‍ അറിയിച്ചു. കളിക്കാനുള്ള ലുഡോ, ചെസ്, ചീട്ട് എന്നിവ ലഭ്യമാക്കും. നിലവില്‍ തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും അവര്‍ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായി തുടരേണ്ടതുണ്ട്. മാനസിക പിരിമുറക്കം കുറയ്ക്കാന്‍ നിലവില്‍ അവര്‍ കള്ളനും പോലീസും കളിക്കുന്നതായും യോഗയും മറ്റ് വ്യായാമങ്ങളും ചെയ്യുന്നതായി അവര്‍ അറിയിച്ചിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രതത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. ക്ഷേത്രത്തിലെ പതിവ് ചടങ്ങായ ഭസ്മ ആരതിക്കിടെയാണ് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയത്. പ്രത്യേക പൂജകളില്‍ പങ്കെടുക്കാനെത്തിയവര്‍ മഹാമൃത്യുഞ്ജയ മന്ത്രം ജപിച്ചു.