ബെംഗളൂരു: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ ബെംഗളൂരുവിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റിൽ (GTRE) ബോംബാക്രമണം നടത്തുമെന്ന് ഭീഷണി. ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള നിരവധി ഇമെയിലുകൾ ലഭിച്ചതായി തിങ്കളാഴ്ച പോലീസ് അറിയിച്ചു. ബൈയപ്പനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ജിടിആർഇ പ്രവർത്തിക്കുന്നത്.

To advertise here,

സൈനിക വിമാനങ്ങൾക്കായുള്ള ഏറോ ഗ്യാസ്-ടർബൈനുകളുടെ ഗവേഷണവും വികസനവുമാണ് ജിടിആർഇയിൽ നടക്കുന്നത്. അനുബന്ധമായി ഇന്ത്യൻ നാവികസേനയ്‌ക്കായി മറൈൻ ഗ്യാസ്-ടർബൈനുകളും ഇവിടെ വികസിപ്പിക്കുന്നുണ്ട്.

മെയിലുകൾ ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. പിന്നീട് ബോംബ് നിർവീര്യമാക്കുന്ന സംഘവും അഗ്നിശമന സേനയും നടത്തിയ പരിശോധനകൾക്കു ശേഷം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. 'Kiruthiha.udhayanidhi@hotmail' എന്ന ഐഡിയിൽ നിന്നാണ് ഭീഷണിസന്ദേശങ്ങൾ വന്നിട്ടുള്ളത്.

സ്ഥാപനത്തിൽ ഐഇഡി (Improvised Explosive Devices) സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് ഒന്നരയോടെ അത് പൊട്ടിത്തെറിക്കുമെന്നും ഇമെയിൽ സന്ദേശം അവകാശപ്പെട്ടു. തമിഴിലാണ് ഭീഷണി. മെയിലിൽ തമിഴ്നാട്ടിലെ ഒരു പ്രമുഖ രാഷ്ട്രീയക്കാരന്റെ കൊച്ചുമകനെ തട്ടിക്കൊണ്ടുപോകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കൊച്ചുമകനായ ഇൻബനിധിയെ തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചനയെക്കുറിച്ചാണ് മുന്നറിയിപ്പെന്ന് കരുതുന്നു.

ഇമെയിൽ ഭീഷണികൾക്ക് പിന്നിലെ പ്രതികളെ കണ്ടെത്താൻ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണം ശക്തമാക്കിയതായും നഗരത്തിലെ പ്രതിരോധ സ്ഥാപനങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.