
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുണ്ടെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി അടുത്തിടെ പാര്‍ട്ടിവിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. മറ്റുപാര്‍ട്ടികളിലെ നേതാക്കളെ കണ്ടുവെന്നോ സംസാരിച്ചുവെന്നോവച്ച് ഒരാളുടെ ഡിഎന്‍എ മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ആസാദിന്റെ ഡിഎന്‍എ 'മോദി-ഫൈ' ചെയ്യപ്പെട്ടുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്.
രാജ്യസഭയില്‍നിന്ന് താന്‍ പടിയിറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഉയര്‍ത്തിക്കാട്ടി നടത്തുന്ന വിമര്‍ശനത്തിനും ആസാദ് മറുപടി നല്‍കി. 22 പാര്‍ട്ടികളിലെ എം.പിമാരും അന്ന് തന്നെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞത് മാത്രമാണ് പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടി വിമര്‍ശിക്കുന്നത്. രാജ്യസഭയിലെ മൂന്നിലൊന്ന് അംഗങ്ങളും ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും വിരമിക്കുന്നത് പതിവാണ്. വിടവാങ്ങല്‍ ചടങ്ങില്‍ വിവിധ പാര്‍ട്ടികളിലെ എം.പിമാര്‍ പ്രസംഗിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഓഗസ്റ്റ് 26-നാണ് ആസാദ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു രാജി. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്. 2021 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ നടത്തിയ പ്രസംഗം ഉയര്‍ത്തിക്കാട്ടി ആയിരുന്നു പ്രധാന വിമര്‍ശനം. ''ആസാദ് ജി, സഭയില്‍ നിന്ന് പോയാലും എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിടും. താങ്കളെ ദുര്‍ബലനാകാന്‍ ഞാന്‍ അനുവദിക്കില്ല'' നിറകണ്ണുകളോടെ മോദി ഈ വാക്കുകള്‍ പറഞ്ഞപ്പോള്‍ ഗുലാം നബി ആസാദ് കൈകൂപ്പിയിരുന്നു.
കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച ആസാദിന്റെ ആദ്യ പൊതുറാലി ഞായറാഴ്ച ജമ്മു കശ്മീരില്‍ നടക്കാനിരിക്കെയാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയത്. ഗുലാംനബിക്ക് പിന്തുണയുമായി ജമ്മു കശ്മീരിലെ മുന്‍ ഉപമുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം എഴുപതോളം നേതാക്കളും കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചിരുന്നു. ഇവരുടെ സംഗമവേദിയാകും റാലി. രണ്ടാഴ്ചയ്ക്കകം പുതിയപാര്‍ട്ടി രൂപവത്കരിക്കുമെന്ന് ഗുലാംനബി നേരത്തേ പറഞ്ഞിരുന്നു. അതിന്റെ പ്രഖ്യാപനം റാലിയിലുണ്ടാകുമോ എന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
Content Highlights: Ghulam Nabi Azad Congress
Published: 04 Sept 2022, 08:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented