ന്യൂഡല്‍ഹി: ഹരിയാണയിലെ അല്‍-ഫലാഹ് സര്‍വകലാശാലാ ക്യാമ്പസിലെ ഒരു സാധാരണ ഹോസ്റ്റല്‍ മുറിയാണ്, തീവ്രവാദികളായി മാറിയ ഡോക്ടര്‍മാരുടെ സംഘം ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തിരുന്നതിന്റെ പ്രധാന കേന്ദ്രമെന്ന് അന്വേഷണ സംഘം. ആണ്‍കുട്ടികളുടെ ഹോസ്റ്റലായ 17-ാം നമ്പര്‍ കെട്ടിടത്തിലെ 13-ാം നമ്പര്‍ മുറിയാണ് 'വൈറ്റ് കോളര്‍' ഭീകരസംഘത്തിന്റെ രഹസ്യയോഗങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത് എന്ന് അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ ഉണ്ടായിരുന്നു പലരും ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്.

To advertise here,

തിങ്കളാഴ്ച ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി അവിടെയാണ് ജോലി ചെയ്തിരുന്നതെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്നാണ് ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയും ആശുപത്രിയും ശ്രദ്ധാകേന്ദ്രമായത്.

സ്‌ഫോടനം നടക്കുന്നതിന്റെ  ഒരു ദിവസം മുന്‍പ്, അല്‍-ഫലാഹ് സര്‍വകലാശാലയില്‍ തന്നെ ജോലി ചെയ്തിരുന്ന ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിന്റെ വാടക വീട്ടില്‍ നിന്ന് 2,900 കിലോഗ്രാം ഐഇഡി നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള ജയ്‌ഷെ-മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയില്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്ന ഡോക്ടര്‍ ഷഹീന്‍ ഷാഹിദും ഈ സര്‍വകലാശാലയിലെ ജീവനക്കാരിയായിരുന്നു.

മുസമ്മിലും ഷഹീനും അറസ്റ്റിലായപ്പോള്‍, ഉമര്‍ സ്‌ഫോടനത്തില്‍ മരിച്ചു. സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന കശ്മീര്‍ സ്വദേശിയായ നിസാറുള്‍ ഹസ്സന്‍ എന്ന മറ്റൊരു ഡോക്ടറെ കാണാതായിട്ടുണ്ട്.

ഹോസ്റ്റലിലെ 13-ാം നമ്പര്‍ മുറി പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസമ്മിലിന്റേതായിരുന്നു. ഈ മുറിയില്‍ വെച്ച് ഇയാള്‍ തീവ്രചിന്താഗതിക്കാരായ മറ്റ് ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുകയും ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഏകോപിത സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം.

ഡിസംബര്‍ 6-ലെ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായത്.

സര്‍വകലാശാലയിലെ ലബോറട്ടറിയില്‍ നിന്ന് ഹോസ്റ്റല്‍ മുറിയിലേക്ക് രാസവസ്തുക്കള്‍ എങ്ങനെ സംഭരിക്കാമെന്നും രഹസ്യമായി എത്തിക്കാമെന്നും സംഘം ചര്‍ച്ച ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു പോലീസ് ഈ മുറി ഇപ്പോള്‍ സീല്‍ ചെയ്തിരിക്കുകയാണ്. നടത്തിയ പരിശോധനയില്‍ ഇവിടെ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും പെന്‍ ഡ്രൈവുകളും കണ്ടെടുത്തിട്ടുണ്ട്.

13-ാം നമ്പര്‍ മുറിയില്‍ നിന്നും രാസവസ്തുക്കളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തുക്കള്‍ അമോണിയം നൈട്രേറ്റും ചെറിയ അളവില്‍ മെറ്റാലിക് ഓക്‌സൈഡുകളുമായി കൂട്ടിക്കലര്‍ത്തിയാണ് സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചിരുന്നതെന്ന് സംശയിക്കുന്നു. ചെങ്കോട്ട സ്‌ഫോടനത്തില്‍ അമോണിയം നൈട്രേറ്റ് ഫ്യൂവല്‍ ഓയില്‍ (ANFO) ആണ് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഭീകരസംഘം പിടിക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം മൗനം വെടിഞ്ഞ അല്‍-ഫലാഹ് സര്‍വകലാശാല, സ്ഥാപനത്തിന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ചു. സര്‍വകലാശാലയുടെ ലബോറട്ടറികളില്‍ അനധികൃതമായ വസ്തുക്കളോ രാസവസ്തുക്കളോ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.