ന്യൂഡൽഹി: ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീൻ സയീദിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ലഖ്‌നൗവിലെ ദൽഹിഗഞ്ചിൽ നിന്നുള്ള ഷഹീൻ ആണ് ഇന്ത്യയിലെ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ റിക്രൂട്ട്‌മെന്റ് വിഭാഗത്തെ നയിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ചെങ്കോട്ടയ്ക്ക് സമീപം ബോംബ് സ്ഫോടനം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡോ. ഷഹീൻ സയീദ് ലിബറൽ കാഴ്ചപ്പാടുള്ള ആളായിരുന്നുവെന്നും, മതവിശ്വാസിയായിരുന്നില്ലെന്നും അവരുടെ മുൻ ഭർത്താവ് ഡോ. ഹയാത്ത് സഫർ മാധ്യമങ്ങളോട് പറഞ്ഞു. 2012-ലാണ് ഇരുവരും വേർപിരിഞ്ഞത്. വേർപിരിയുന്നതിനുമുമ്പ്, രണ്ട് കുട്ടികളുമായി ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കണമെന്ന് ഷഹീൻ ആഗ്രഹിച്ചിരുന്നുവെന്നും ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനെച്ചൊല്ലി തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഡോ. ഹയാത്ത് വ്യക്തമാക്കി.
2012-ൽ വേർപിരിഞ്ഞ ശേഷം താൻ ഷഹീനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഡോ. ഹയാത്ത് പറഞ്ഞു. രണ്ട് കുട്ടികളും തന്നോടൊപ്പമാണ് താമസിക്കുന്നത്. ഷഹീൻ പൾമണോളജി പ്രൊഫസറായിരുന്നുവെന്നും 2006-ൽ ആണ് ബിരുദം പൂർത്തിയാക്കിയെന്നും ഹയാത്ത് കൂട്ടിച്ചേർത്തു.
2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കശ്മീരി ഡോക്ടർ ഡോ. മുസമ്മിലുമായി ഷഹീന് അടുത്ത ബന്ധമുണ്ടായിരുന്നു. സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിലെ ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർത്ഥികൾ, പ്രിൻസിപ്പൽ ഉൾപ്പെടെ 52-ൽ അധികം ആളുകളെ ചോദ്യംചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഷഹീനിന്റെ അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ് സയ്യിദ് അഹമ്മദ് അൻസാരി പറഞ്ഞു. മകൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷഹീൻ അവസാനമായി താനുമായി സംസാരിച്ചത് ഏകദേശം ഒരു മാസം മുമ്പാണെങ്കിലും, മകളുടെ മുൻ ഭർത്താവായ ഹയാത്ത് സഫറുമായി താൻ എല്ലാ ആഴ്ചയും സംസാരിക്കാറുണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു. അറസ്റ്റിനെ തുടർന്ന് എൻഐഎ, എടിഎസ് സംഘങ്ങൾ ലഖ്‌നൗവിലെ ഷഹീനിന്റെ പിതാവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതികരണം.
വനിതാ വിഭാഗം രൂപവത്കരിക്കാൻ ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ് നടത്തിയ റിക്രൂട്ട്‌മെന്റ് ഡ്രൈവിനിടെയാണ് ഷഹീൻ ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പിന്നീട് സംഘത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങൾക്ക് അവർ മേൽനോട്ടം വഹിക്കുകയും 35 മുതൽ 40 ലക്ഷം രൂപ വരെ വരുന്ന ഫണ്ട് കൈമാറ്റം ഏകോപിപ്പിക്കുകയും ചെയ്തതായും ഇതിൽ ഭൂരിഭാഗവും അവരുടെ ബന്ധങ്ങൾ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഫരീദാബാദിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്താൻ ഉപയോഗിച്ച വാഹനം ഷഹീന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർ നിരവധി തവണ ജമ്മു കശ്മീരിലേക്ക് യാത്രകൾ നടത്തിയിട്ടുണ്ടെന്നും ഈ യാത്രകൾക്ക് ഭീകരാക്രമണത്തിന്റെ ആസൂത്രണവുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഷഹീൻ ഇതിനുമുൻപ് ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ജി.എസ്.വി.എം. മെഡിക്കൽ കോളേജിൽ ലക്ചററായി ജോലി ചെയ്തിരുന്നു. പബ്ലിക് സർവീസ് കമ്മീഷൻ വഴിയാണ് അവർക്ക് നിയമനം ലഭിച്ചത്. എന്നാൽ, 2013-ൽ ഷഹീൻ കാൺപൂർ മെഡിക്കൽ കോളേജിൽ മുന്നറിയിപ്പില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് പതിവായിരുന്നു. തുടർന്ന് 2021-ൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.
ജമ്മു കശ്മീരിൽ അറസ്റ്റിലായ ഡോക്ടർമാരെ ചോദ്യം ചെയ്തതിൽനിന്ന് ജെയ്‌ഷെ ഭീകരസംഘടനയുടെ വലിയൊരു ശൃംഖലയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. തന്റെ സഹോദരൻ പർവേസ് സയീദും ഭീകരവാദ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്നും മുസമ്മിലിന്റെയും അദീലിന്റെയും അതേ ചാറ്റ് ഗ്രൂപ്പിൽ അംഗമായിരുന്നുവെന്നും ഷഹീൻ വെളിപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീർ പോലീസ് സംഘം ചൊവ്വാഴ്ച ലഖ്‌നൗവിലെത്തി പർവേസിനെ കസ്റ്റഡിയിലെടുത്തെങ്കിലും കാര്യമായൊന്നും കണ്ടെത്താനായില്ല. അറസ്റ്റ് മുൻകൂട്ടി കണ്ട് അയാൾ സ്ഫോടകവസ്തുക്കൾ മാറ്റിയിരിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Published: 12 Nov 2025, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented