ന്യൂഡൽഹി: പത്തുവർഷത്തെ ഭരണം പാർട്ടിയുടെ സംഘടനാക്കരുത്തിൽ വിള്ളലുണ്ടാക്കിയെന്ന സ്വയംവിമർശനവുമായി സി.പി.എം. ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം നേതൃതലത്തിലുള്ളവരിൽ നിന്നുൾപ്പെടെ ഉണ്ടായത് തിരിച്ചടിയായെന്നും അത് കമ്യൂണിസ്റ്റ് രീതിയല്ലെന്നും പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. ബ്രാഞ്ചുതലങ്ങളിൽ പാർട്ടിസംഘടന തീർത്തും ദുർബലമായി. ബഹുജന പ്രക്ഷോഭങ്ങളിലൂടെ സംഘടനാക്കരുത്ത് വീണ്ടെടുക്കേണ്ടത് തിരിച്ചുവരവിന് അനിവാര്യമാണെന്നും കേന്ദ്രകമ്മിറ്റി യോഗം വിലയിരുത്തി.

To advertise here,

കേരളവും ബംഗാളുമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സമ്പൂർണ അവലോകനത്തിനായിച്ചേർന്ന കേന്ദ്രകമ്മിറ്റി യോഗം തിങ്കളാഴ്ച ഉച്ചയോടെ അവസാനിക്കും. പാർലമെന്ററി വ്യാമോഹം പാർട്ടിക്കുള്ളിൽ ശക്തിപ്പെട്ടത് സംഘടനാശേഷി ദുർബലമായതിന്റെ സൂചനയാണ്. മുൻപില്ലാത്തവിധം പാർട്ടിയുടെ മുതിർന്നനേതാക്കളായിരുന്നവരടക്കം വിമതരായി രംഗപ്രവേശംചെയ്തത് ഇതിന്റെ ഭാഗമാണ്. ഇതിനെ മറികടക്കാനാവശ്യമായ തെറ്റുതിരുത്തൽ സമീപനം പാർട്ടിക്കുള്ളിലുണ്ടാവണമെന്നും യോഗത്തിൽ അവതരിപ്പിച്ച സംഘടനാറിപ്പോർട്ട് ചൂണ്ടിക്കാട്ടി.

പാർട്ടി പ്രവർത്തനശൈലിയിൽ കാര്യമായ മാറ്റംവേണം. കൂടുതൽ ജനവിഭാഗങ്ങളെ ഒപ്പംനിർത്തണം. എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലാനാവണം. കേരളത്തിൽ സ്ഥാനാർഥിനിർണയത്തിൽ പാളിച്ചകളുണ്ടായെന്ന വിമർശനം വീണ്ടുമുയർന്നു.

എന്നാൽ, ഇതേച്ചൊല്ലിയുയർന്ന പരാതികളെ പരിഹാസപൂർവം നേതൃത്വം കണ്ടെന്നും ചിലർ വിമർശിച്ചു. അമിത ആത്മവിശ്വാസം വിനയായിട്ടുണ്ട്. എങ്ങനെയും ജയിക്കുമെന്ന തോന്നൽ തോൽവിയിലേക്കു നയിച്ചു. ഇടതുപക്ഷ നയങ്ങളിൽനിന്ന് കേരളത്തിലെ ഇടതുസർക്കാർ പിന്നോട്ടുപോയെന്ന വിമർശനവുമുയർന്നു.