ബെംഗളൂരു: ചന്നപട്ടണ മണ്ഡലത്തിൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ഉപമുഖ്യമന്ത്രിയും കെ.പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. പാർട്ടി നേതൃത്വവും മണ്ഡലത്തിലെ വോട്ടർമാരും ആവശ്യപ്പെടുന്നത് അനുസരിക്കുമെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിന് ജന്മം നൽകിയ സ്ഥലമാണ് ചന്നപട്ടണയെന്നും ശിവകുമാർ പറഞ്ഞു. ചന്നപട്ടണയെ സഹായിക്കാനും മണ്ഡലത്തെ വികസിപ്പിക്കാനുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലമാണ് ചന്നപട്ടണ. കുമാരസ്വാമി മാണ്ഡ്യയിൽനിന്നും ലോക്‌സഭയിലെത്തിയതോടെയാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിൽ ശിവകുമാറിന്റെ സഹോദരനും മുൻ എം.പി.യുമായ ഡി.കെ. സുരേഷ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു പാർട്ടിവൃത്തങ്ങൾ നേരത്തെ സൂചന നൽകിയത്. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ സുരേഷ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായിട്ടില്ല.
രാമനഗര ജില്ലയിലെ കനകപുരയിൽനിന്നുള്ള നിയമസഭാംഗമാണ് ശിവകുമാർ. ചന്നപട്ടണയിൽ മത്സരിച്ച് വിജയിച്ചാൽ ശിവകുമാറിന് കനകപുരയിലെ നിയമസഭാംഗത്വം രാജിവെക്കേണ്ടിവരും. ചന്നപട്ടണ സന്ദർശിച്ച് വോട്ടർമാരോടും നേതാക്കളോടും സംസാരിച്ച് തീരുമാനമെടുക്കുമെന്ന് ശിവകുമാർ പറഞ്ഞു. യുവജനതാദൾ സംസ്ഥാന അധ്യക്ഷനും എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയാകും ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥിയെന്ന് സൂചനയുണ്ട്.
Content Highlights: DK Sivakumar may contest from Channapatnam vacated by Kumaraswamy
Published: 20 Jun 2024, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented