
ദീപാവലി ആഘോഷത്തിന് നാടുകളിലേക്ക് പോകുന്നവരെക്കൊണ്ട് നിറഞ്ഞ തീവണ്ടി. എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള ദൃശ്യം
ചെന്നൈ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് വര്‍ധിച്ചിരിക്കെ, യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നേരത്തേ എത്തണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലഗേജുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സുരക്ഷ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ യാത്രക്കാര്‍ സ്റ്റേഷനുകളില്‍ നേരത്തേ എത്തണമെന്ന് റെയില്‍വേ പോലീസും ആവശ്യപ്പെട്ടു.
ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍, താംബരം റെയില്‍വേ സ്റ്റേഷനുകളിലും നഗരത്തിലെ മറ്റ് റെയില്‍വേ സ്റ്റേഷനുകളിലുമായി യാത്രക്കാരെ നിയന്ത്രിക്കാന്‍ 850 റെയില്‍വേ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. തീവണ്ടികളില്‍ പടക്കം കൊണ്ടുപോകുന്നുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ പരിശോധന ശക്തമാക്കിയത്.
ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ചെന്നൈയില്‍നിന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിദിന തീവണ്ടികള്‍ക്ക് പുറമെ നിരവധി പ്രത്യേക തീവണ്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ യാത്രക്കാരെ നിയന്ത്രിക്കാനായാണ് 850 റെയില്‍വേ പോലീസുകാരെ നിയോഗിച്ചതെന്നും അധികൃതര്‍ പറഞ്ഞു. ദീപാവലി തിങ്കളാഴ്ചയാണെന്നിരിക്കെ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭിക്കുമെന്നിരിക്കെ വെള്ളിയാഴ്ച വൈകീട്ടും രാത്രിയിലുമായി നിരവധി പേര്‍ സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് ചെന്നൈ സെന്‍ട്രലിലും താംബരം റെയില്‍വേ സ്റ്റേഷനുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകാരെ റെയില്‍വേ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സ്റ്റേഷനുകളില്‍ ആര്‍പിഎഫിന്റെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.
ചൊവ്വാഴ്ചയും അവധി
ദീപാവലി പ്രമാണിച്ച് തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 21 ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. പകരം 25 ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കും. ഇതോടെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 18 മുതല്‍ 21 വരെ തുടര്‍ച്ചയായി നാലുദിവസം അവധി ലഭിക്കാന്‍ വഴിയൊരുങ്ങി.
പത്ത് ലക്ഷത്തിലേറെപ്പേര്‍ സ്വന്തം നാടുകളിലേക്ക്
ചെന്നൈ: ദീപാവലി ആഘോഷത്തിന് ചെന്നൈയില്‍നിന്ന് ബസുകളിലും തീവണ്ടികളിലും സ്വന്തം വാഹനങ്ങളിലുമായി നാടുകളിലേക്ക് പോകുന്നത് പത്തുലക്ഷം പേര്‍.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ആറ് ലക്ഷം യാത്രക്കാര്‍ പോയതായാണ് ഏകദേശ കണക്ക്. അടുത്ത രണ്ടുദിവസങ്ങളിലും ഇത്രത്തോളം പേര്‍തന്നെ പോകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും റെയില്‍വേ വൃത്തങ്ങളും അറിയിച്ചു. 2.75 ലക്ഷം പേര്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളില്‍ അടുത്ത രണ്ടുദിവസം ബുക്ക് ചെയ്തിട്ടുണ്ട്.
ഇനിയും ബുക്കിങ്ങുണ്ടാകുമെന്നും മൊത്തം നാല് ദിവസങ്ങളിലായി നാലുലക്ഷം പേര്‍ ബുക്കുചെയ്ത് പോകുമെന്ന് കരുതുന്നതായി ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
നാല് ദിവസങ്ങളിലായി ചെന്നൈയില്‍നിന്ന് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ 5000 ദീര്‍ഘദൂര പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 3000 പ്രതിദിന ദീര്‍ഘദൂര ബസുകളുമുണ്ട്. പ്രതിദിന ദീര്‍ഘദൂര സ്വകാര്യ ബസുകളില്‍ ഒരുലക്ഷം പേരും ബുക്ക് ചെയ്തിരുന്നു. തീവണ്ടികളില്‍ നാല് ദിവസങ്ങളിലായി നാല് ലക്ഷം പേര്‍ യാത്ര ചെയ്യുമെന്നാണ് കരുതുന്നതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. പ്രതിദിന തീവണ്ടികള്‍ക്ക് പുറമേ, നാല് ദിവസങ്ങളിലായി 70 പ്രത്യേക തീവണ്ടികള്‍ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നുണ്ട്.
ഇവയില്‍ 20 സര്‍വീസുകള്‍ അണ്‍റിസര്‍വ്ഡ് കോച്ചുകളുള്ള തീവണ്ടികളാണ്. അതിനാല്‍ യാത്രക്കാരുടെ എണ്ണവും കൂടുതലായിരിക്കും. വെള്ളിയാഴ്ച മാത്രം ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍ റെയില്‍വേ സ്റ്റേഷന്‍, താംബരം റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് രണ്ട് ലക്ഷത്തോളം പേര്‍ യാത്ര ചെയ്തു. സ്വന്തം വാഹനങ്ങളില്‍ നാട്ടിലേക്ക് തിരിക്കുന്നവര്‍ രണ്ട് ലക്ഷത്തോളം വരുമെന്നും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പധികൃതര്‍ പറഞ്ഞു. ഇത്തവണ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കും ഒട്ടേറെ പ്രത്യേക തീവണ്ടികള്‍ അനുവദിച്ചിരുന്നു
Content Highlights: Chennai Railways urges passengers to arrive early due to heightened security checks for Diwali. Over 850 police deployed across stations. Special trains and buses are running.
Published: 18 Oct 2025, 02:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented