ന്യൂഡൽഹി: ഒടുവിൽ ജനാധിപത്യത്തിലെ രാഷ്ട്രീയ ധാർമികത വിജയിച്ചു- വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. കോക്റോച്ച് ജനതാപാർട്ടി(സി.ജെ.പി.) ജന്തർ മന്തറിൽ തുടങ്ങിയ വിദ്യാർഥി സമരം, സോനം വാങ്ചുക്കിന്റെ നിരാഹാരം, രാജ്യവ്യാപക പ്രതിഷേധങ്ങൾ എന്നിവയാണ് രാജിയിലേക്ക് നയിച്ച പ്രാഥമിക ചാലക ശക്തികളെങ്കിലും ഈ ജനകീയ പ്രക്ഷോഭത്തെ അധികാരത്തിനെതിരായ ഏകോപിത രാഷ്ട്രീയ സമ്മർദമാക്കി മാറ്റുന്നതിൽ പ്രതിപക്ഷം, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ്സും സ്വീകരിച്ച ഇടപെടലുകൾ നിർണായകമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നിൽ രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ ധർണയും ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നിലൂടെ രാഹുലടക്കമുള്ള ഇന്ത്യ മുന്നണി നേതാക്കൾ രാഷ്ട്രപിതാവിന്റെ രക്തസാക്ഷി ഭൂമിയിലേക്ക് നടത്തിയ മാർച്ചും ഇന്റലിജൻസ് സംവിധാനങ്ങളെയടക്കം ചോദ്യംചെയ്തത് കേന്ദ്രസർക്കാരിന് ഇന്ത്യയിലും ആഗോളതലത്തിലുമുണ്ടാക്കിയ രാഷ്ട്രീയക്ഷീണം ചില്ലറയായിരുന്നില്ല. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ സമരം തുടങ്ങിയപ്പോൾ 20 മിനിറ്റിനകമാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്രസിങ് ചർച്ചയ്‌ക്കെത്തിയത്. ആഭ്യന്തര മന്ത്രിയുടെ വസതിക്ക് മുന്നിലൂടെയുള്ള ഇന്ത്യ സഖ്യ നേതാക്കളുടെ യാത്ര കഴിഞ്ഞ ഉടൻ അർധ രാത്രി പ്രധാനമന്ത്രി മോദി നീറ്റിൽ പുതിയ നിയമ പ്രഖ്യാപനവുമായി വീഡിയോ സന്ദേശം നൽകി. പിറ്റേന്ന് പ്രതിപക്ഷ ബഹളം പാർലമെന്റിൽ അരങ്ങേറുമ്പോൾ മന്ത്രിമാരായ ജിതേന്ദ്ര സിങ്ങും ജെ.പി. നഡ്ഡയും വിദ്യാർഥികളുമായി ചർച്ചയ്‌ക്കെത്തി.
മോദി കാലഘട്ടത്തിന്റെ പ്രത്യേകത, ജനകീയ പ്രതിഷേധം മാത്രം അധികാരത്തെ മുട്ടുകുത്തിച്ചിട്ടില്ലെന്നതും ആ പ്രതിഷേധം രാഷ്ട്രീയ ശക്തിയായി മാറുമ്പോൾ മാത്രമാണ് അധികാരം പ്രതിരോധത്തിലായതെന്നതുമാണ്. കർഷക സമരത്തിലും കായിക താരങ്ങളുടെ സമരത്തിലുമിത് കാണാം. സി.ജെ.പി. വിദ്യാർഥികളുടെ രോഷത്തെ രാഹുലും കോൺഗ്രസ്സും പ്രതിപക്ഷവും സംഘടിത പ്രക്ഷോഭമാക്കി. സോനം വാങ്ചുക്കിന്റെ നിരാഹാരം അതിന് ധാർമികവും നൈതികവുമായ പിന്തുണ നൽകി. ഈ പ്രക്ഷോഭത്തെ അധികാരകേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രതിസന്ധിയാക്കണമെങ്കിൽ പാർലമെന്റിലും ദേശീയ രാഷ്ട്രീയത്തിലും അതിന് പ്രതിഫലനമുണ്ടാകണം. ഈ ഘട്ടത്തിലാണ് രാഹുലും കോൺഗ്രസ്സും പ്രതിപക്ഷവും ഇടപെട്ടതെന്നതാണ് ശ്രദ്ധേയം.
സി.ജെ.പി.ക്ക് പിന്തുണ നേരിട്ട് നൽകാനോ അതിന്റെ രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കാനോ രാഹുലോ കോൺഗ്രസ്സോ ഒരിക്കലും ശ്രമിച്ചില്ല. ഒന്നുരണ്ട് കോൺഗ്രസ് എം.പി.മാർ ജന്തർ മന്തർ സന്ദർശിച്ചെങ്കിലും പ്രമുഖ ദേശീയ നേതാക്കളാരും പിന്തുണയുമായെത്തിയില്ല. പകരം വിദ്യാർഥി സമരത്തെ പിന്തുണക്കുന്നു എന്ന നയമാണ് രാഹുലും കോൺഗ്രസ്സും സ്വീകരിച്ചത്. സമരത്തിന്റെ ഉടമസ്ഥാവകാശം വിദ്യാർഥികൾക്കുതന്നെ വിട്ടുകൊടുത്ത് അതിന്റെ രാഷ്ട്രീയ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്ന തന്ത്രമാണ് രാഹുലും കോൺഗ്രസ്സും പിന്നീട് ഇന്ത്യ സഖ്യവും കൈക്കൊണ്ടത്.
ജന്തർ മന്തറിൽ സി.ജെ.പി. സമരം നടത്തിയപ്പോൾ കോൺഗ്രസ് രാജസ്ഥാനിലും ഉത്തരാഖണ്ഡിലും 'വിദ്യാർഥികളുടെ ആരവം' പ്രതിഷേധം സംഘടിപ്പിച്ചു. പാർലമെന്റിൽ വിഷയം ഉയർത്തി. പിന്നീട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നേരിട്ടുള്ള പ്രതിഷേധവുമായെത്തി. ഇതോടെ സർക്കാർ രാഷ്ട്രീയ ഉത്തരവാദിത്വത്തിലേക്കെത്തി. ജന്തർ മന്തറിലെ പ്രതിഷേധം ഭരണപ്രശ്‌നമെന്ന നിലയിലാണ് സർക്കാർ കണ്ടത്. പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചതും അതിനാലാണ്. എന്നാൽ, പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്തിയ നിമിഷം അത് രാഷ്ട്രീയ അധികാരത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച ചോദ്യമായി മാറി. 20 മിനിറ്റിൽ ചർച്ചയ്ക്ക് മന്ത്രിയെത്തിയതുതന്നെ അതിനുള്ള സൂചനയായി.
ആദ്യഘട്ടത്തിൽ ‘ഇന്ത്യ’യിലെ സഖ്യകക്ഷികൾ സി.ജെ.പി.ക്ക് പിന്തുണയുമായി ജന്തർ മന്തറിൽ തുടർച്ചയായി എത്തിയിരുന്നു. എന്നാൽ, കോൺഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയത് എസ്.പി.യും എൻ.സി.പി.യും മാത്രമാണ്. രാഹുൽ ഇതിന്റെ രാഷ്ട്രീയ നേട്ടം കൊയ്യുമെന്ന് കണ്ടതോടെയാണ് മറ്റുകക്ഷികളും ഇന്ത്യ സഖ്യം ഒന്നിച്ചു പ്രതിഷേധിക്കണമെന്ന നിലപാടിലെത്തിയത്.
പ്രതിപക്ഷ എം.പി.മാരെല്ലാം ഒന്നിച്ചു തെരുവിലിറങ്ങിയാൽ ഭരണകൂടം വിറക്കുമെന്ന സന്ദേശം രാഹുൽ ഇന്ത്യ സഖ്യയോഗത്തിൽ ഘടകകക്ഷി നേതാക്കൾക്ക് കൈമാറി. അതോടെ, വിദ്യാർഥി സമരം ഒരു സംഘടനയുടെ പ്രതിഷേധമല്ലാതെ സംഘടിത പ്രതിപക്ഷത്തിന്റെ ദേശീയ രാഷ്ട്രീയ വിഷയമായി മാറി. ഒരു ഘട്ടത്തിൽ സർക്കാർ ധർമേന്ദ്ര പ്രധാനെ മറ്റൊരു വകുപ്പിലേക്ക് മാറ്റുമെന്ന അഭ്യൂഹമുയർന്നിരുന്നു. എന്നാൽ, ശനിയാഴ്ച രാവിലെ പരിക്കേറ്റ വിദ്യാർഥികൾക്കൊപ്പം മാധ്യമങ്ങളെ കണ്ട രാഹുൽ-രാജിയല്ലാതെ മറ്റൊരു പരിഹാരവും അംഗീകരിക്കാനാവില്ലെന്ന് തീർത്തും വ്യക്തമാക്കി. കേന്ദ്രത്തിന്റെ തുടർനീക്കങ്ങളെയും ഇത് സ്വാധീനിച്ചതായാണ് സൂചന. രാജിക്കുശേഷം രാഹുൽ പറയഞ്ഞത് വിദ്യാർഥികളെ മർദിച്ചവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നുമാണ്. പ്രധാൻ വിദ്യാഭ്യാസ സംവിധാനത്തിന്റെ പരാജയത്തിന്റെ പ്രതീകം മാത്രമാണെന്നും രാഹുൽ പറഞ്ഞുവെച്ചു. വിദ്യാർഥി സമരം പ്രധാന്റെ രാജിയോടെ തീരില്ലെന്ന വ്യക്തമായ സൂചനയാണിത് നൽകുന്നത്.
പ്രധാന്റെ രാജിയിലേക്ക് നയിച്ചത് ഇവയൊക്കെ:
- സി.ജെ.പി. വിദ്യാർഥികളുടെ വികാരത്തിന് ഊർജം നൽകി.
- സോനം വാങ്ചുക്ക് അതിന് ധാർമിക ശക്തി പകർന്നു.
- രാഹുൽ ഗാന്ധി അതിനെ ദേശീയ രാഷ്ട്രീയ ചോദ്യമാക്കി.
- ഇന്ത്യ സഖ്യം കൂട്ടായ പ്രതിപക്ഷ സമ്മർദമായി.
- കേന്ദ്രസർക്കാരിന് മുന്നിൽ രാഷ്ട്രീയ പ്രതിരോധമില്ലാതായി.
Content Highlights: Education Minister Dharmendra Pradhan resigns due to sustained student protests and opposition pressure., Rahul Gandhi and the INDIA bloc transformed the CJP student movement into a national political crisis for the government., Strategic protests at PM and Home Minister residences forced the government to negotiate within minutes., The opposition successfully maintained student ownership of the movement while providing critical political backing., Pradhan's resignation is viewed as a victory of democratic ethics and organized political resistance.
Published: 26 Jul 2026, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented