കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയപ്പോഴും ആദ്യതരംഗത്തിൽ കോവിഡ് പ്രതിരോധത്തിനായി പിന്തുടർന്ന 'ധാരാവി മോഡൽ' ആവർത്തിച്ച് വ്യാപനത്തെ പിടിച്ചുകെട്ടിയിരിക്കുകയാണ് ധാരാവി. രോഗവ്യാപനം രൂക്ഷമായ ഏപ്രിൽ മാസം പ്രതിദിനം 99 കേസുകൾ റിപ്പോർട്ട് ചെയ്ത ധാരാവിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്തത് യഥാക്രമം മൂന്നും നാലും കോവിഡ് കേസുകൾ.

To advertise here,

നിലവിൽ 50 പേർ മാത്രമാണ് ധാരാവിയിൽ ചികിത്സയിലുളളത്. 6802 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 6398 പേരും രോഗമുക്തി നേടി. സമീപമുളള ദാദർ, മഹിം പ്രദേശങ്ങളിൽ യഥാക്രം 204, 254 സജീവകേസുകളുളളപ്പോഴാണ് ജനം തിങ്ങിപ്പാർക്കുന്ന ധാരാവി കോവിഡിന് തടയിട്ടിരിക്കുന്നത്. 2020 ഏപ്രിൽ മാസത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിൽ പിന്നെ ഇതുവരെ ധാരാവിയിൽ കോവിഡ് ബാധിച്ച് മരിച്ചത് 354 പേരാണ്.

കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം മുംബൈയിൽ രൂക്ഷമാകുന്നത് ഫെബ്രുവരി മുതലാണ്. ഫെബ്രുവരി പകുതിയോടെ ധാരാവിയിലും കേസുകൾ ഉയർന്നു. ക്രമേണ കേസുകൾ ഉയരുകയും ഏപ്രിൽ എട്ടിന് പ്രതിദിന കേസുകൾ 99 ൽ എത്തുകയും ചെയ്തതോടെ ലോകാരോഗ്യസംഘടന പോലും അഭിനന്ദിച്ച ധാരാവി മോഡൽ വീണ്ടും നടപ്പാക്കാൻ മുനിസിപ്പൽ അധികൃതർ തീരുമാനിക്കുകയായിരുന്നു. ട്രേസിങ്, ട്രാക്കിങ്, ടെസ്റ്റിങ്, ട്രീറ്റിങ് ഈ നാലു'ടി' കൾ ചേർന്നതാണ് ധാരാവി മോഡൽ.

'2020 ഡിസംബറിലും 2021 ജനുവരി തുടക്കത്തിലും വൈറസ് വ്യാപനം കുറവായിരുന്നുവെങ്കിലും ധാരവിയിലെ കേസുകളുടെ സമഗ്ര പരിശോധനയും നിരീക്ഷണവും ഞങ്ങൾ തുടർന്നു. കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം ഫെബ്രുവരിയോടെ ധാരാവിയെയും ബാധിച്ചുതുടങ്ങിയതോടെ ധാരാവി മോഡൽ ഞങ്ങൾ വീണ്ടും സജീവമാക്കി.' ജി-നോർത്ത് വാർഡിലെ അസിസ്റ്റന്റ് മുനിസിപ്പൽ കമ്മീഷണർ കിരൺ ദിഘവ്കർ പറഞ്ഞു.

രോഗലക്ഷണങ്ങളുളള വ്യക്തികളുടെ വീടുകൾതോറുമുളള പരിശോധന, ധാരാവിയുലുളള മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെ കൃത്യമായി നിരീക്ഷിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്യുക, ധാരാവിയിലെ താമസക്കാരെ പതിവായി പരിശോധിക്കുക, ഒപ്പം ഡെലിവറി തൊഴിലാളികൾ, വ്യാവസായിക തൊഴിലാളികൾ എന്നിവരെ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങൾ കോവിഡ് വ്യാപനം വളരെയധികം കുറയ്ക്കുന്നതിന് സഹായിച്ചതായി ദിഘവ്കർ പറയുന്നു.

6.5ലക്ഷമാണ് ധാരാവിയിലെ ജനസംഖ്യ. അതായത് ഒരോ സ്ക്വയർ കിലോമീറ്ററിലും 2,27,136 പേരാണ് താമസിക്കുന്നത്. അതിനാൽ തന്നെ സാമൂഹിക അകലം പാലിക്കുക എന്നുളളത് ധാരാവിയെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്.

ആളുകൾ തിങ്ങിപ്പാർക്കുന്നതിന് പുറമേ നിരവധി ചെറുകിട ലെതർ, മൺപാത്ര, തുണി നിർമാണ യൂണിറ്റുകളും ധാരാവിയിലുണ്ട്. ജിഎസ്ടി രജിസ്റ്റർ ചെയ്ത 5000 സംരംഭങ്ങളും 15,000 ഒറ്റമുറി ഫാക്ടറികളും പ്രദേശത്തുണ്ട്. അന്താരാഷ്ട്ര കയറ്റുമതി കേന്ദ്രമായ ഇവിടെ ബിഎംസിയുടെ ഡേറ്റ പ്രകാരം വാർഷിക വിറ്റുവരവ് ഒരു ബില്യൺ യുഎസ്ഡോളറാണ്.

2020 ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് 20 ദിവസത്തിന് ശേഷം മുംബൈയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. പതിയെ ധാരാവി ഒരു കോവിഡ് ഹോട്ട്സ്പോട്ടായി മാറി.

കഴിഞ്ഞവർഷം സ്വകാര്യഡോക്ടർമാരുടേയും കമ്യൂണിറ്റിയുടേയും പിന്തുണയോടെയാണ് കോവിഡ് കേസുകൾ വരുതിയിലാക്കാൻ പ്രാദേശിക ഭരണകൂടത്തിന് സാധിച്ചത്. ബിഎംസി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ശുചിത്വം ഉറപ്പാക്കുകയായിരുന്നു. ചേരിയിലെ 80 ശതമാനത്തോളം ആളുകളും 450 ശൗചാലയങ്ങളെയാണ് ആശ്രയിച്ചിരുന്നുത്. രോഗവ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ശ്രമകരമായ ദൗത്യത്തിനിറങ്ങിയ ബിഎംസി ദിവസം മൂന്നുനേരം ശൗചാലയങ്ങൾ വൃത്തിയാക്കിയത്.

രണ്ടാംതരംഗത്തെയും പിടിച്ചുകെട്ടാൻ ധാരാവിക്ക് കഴിഞ്ഞുവെങ്കിലും ജാഗ്രതയിൽ കുറവ് വരുത്താൻ അധികൃതർ തയ്യാറല്ല. 11 പനി ക്ലിനിക്കുകളിലൂടെയും മൊബൈൽ ടെസ്റ്റിങ് യൂണിറ്റുകളിലൂടെയും പരിശോധനകൾ തുടരാൻ തന്നെയാണ് ബിഎംസിയുടെ തീരുമാനം.

'കേസുകൾ കുറഞ്ഞുവെന്ന് കരുതി മുൻകരുതലുകളും ശ്രദ്ധയും കുറയ്ക്കാൻ ഞങ്ങൾ തയ്യാറല്ല. ധാരാവിയിൽ ഒരു കേസുപോലും റിപ്പോർട്ട് ചെയ്യാത്ത ദിവസം വരെ ഞങ്ങൾ ഇത് തുടരും.' ദിഘവ്കർ പറഞ്ഞു. ധാരാവിയിൽ കോവിഡ് വാക്സിനേഷൻ കഴിയുന്നതും വേഗത്തിലാക്കാനുളള ശ്രമത്തിലാണ് അധികൃതർ. ഇതുവരെ 27,000 പേരാണ് ഇവിടെ വാക്സിൻ സ്വീകരിച്ചിട്ടുളളത്.