
മുംബൈ: പത്ത് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ബി.ജെ.പി. നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്‍.സി.പി. നേതാവ് അജിത് പവാര്‍, ശിവസേന നേതാവ് എക്‌നാഥ് ഷിന്ദെ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു.
രാഷ്ട്രീയ, വ്യവസായ, സിനിമാ മേഖലകളിലെ പ്രമുഖർ സത്യപ്രതിജ്ഞാചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ക്കൊപ്പം യു.പി. മുഖ്യമന്ത്രി യോഗി ആധിത്യനാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബോളിവുഡ് സിനിമ മേഖലയില്‍ നിന്ന് ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, സഞ്ജയ് ദത്ത് തുടങ്ങിയവരും ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുല്‍ക്കര്‍, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, അനില്‍ അംബാനി, ആനന്ദ് അംബാനി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. മുംബൈയിലെ ആസാദ് മൈതാനിയിലാണ് ചടങ്ങ് നടക്കുന്നത്. 50,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വേദിയാണ് ഒരുക്കിയത്.
മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. മറ്റ് മന്ത്രിമാരെ പിന്നീട് തീരുമാനിക്കും. ഇതിനുശേഷമായിരിക്കും ഇവരുടെ സത്യപ്രതിജ്ഞ നടക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളം നീണ്ട രാഷ്ട്രിയ അനിശ്ചിതത്വത്തിനൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ സമവായത്തിലെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിലപാടിലായിരുന്നു ശിവസേന നേതാവ് ഏക്‌നാഥ് ഷിന്ദെ.
അതിനിടെ രാഷ്ട്രിയ സമവായത്തിന്റെ ഭാഗമായി ഷിന്ദെയുടെ മകന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയെ ബി.ജെ.പി. തീരുമാനിക്കുമെന്നും ജനങ്ങളെ സേവിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഷിന്ദെ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം നേടി ദിവസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്തത് മഹാരാഷ്ട്രയിലെ ജനങ്ങളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും പരിഹസിക്കുന്നതിന് തുല്യമാണെന്ന് ആദിത്യ താക്കറെ കുറ്റപ്പെടുത്തിയിരുന്നു.
Content Highlights: Devendra Fadnavis sworn in as Maharashtra CM
Published: 05 Dec 2024, 06:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented