ന്യൂഡൽഹി: ലൈംഗികപീഡനക്കേസുകളിൽപ്പെട്ട് രാജ്യംവിട്ട ഹാസനിലെ സിറ്റിങ് എം.പിയും എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് താക്കീതുമായി ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവ​ഗൗഡ. ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണമെന്നും പോലീസിൽ കീഴടങ്ങണമെന്നും കൊച്ചുമകൻ കൂടിയായ പ്രജ്ജ്വലിനോട് ആവശ്യപ്പെട്ട അദ്ദേഹം, തന്റെ ക്ഷമ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പും നൽകി. പാർട്ടി ലെറ്റർ ഹെഡിലൂടെ ഇറക്കിയ പ്രസ്താവന ദേവ​ഗൗഡ എക്സിൽ പങ്കുവെച്ചു. 'പ്രജ്ജ്വല്‍ രേവണ്ണക്ക് എന്റെ മുന്നറിയിപ്പ്' എന്ന തലക്കെട്ടോടെയാണ് കത്ത്.  

To advertise here,

'ഈ കത്ത് പ്രജ്ജ്വലിനോടുള്ള അപേക്ഷയല്ല, മുന്നറിയിപ്പാണ്. പ്രജ്ജ്വലിന് കടുത്ത ശിക്ഷ ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രജ്ജ്വലിനെതിരായ ലൈം​ഗികാരോപണ കേസിന്റെ പേരിൽ തനിക്കും കുടുംബത്തിനുംനേരെ കടുത്ത ഭാഷയിലാണ് നാട്ടുകാർ പ്രതികരിക്കുന്നത്. അവരെ ഞാൻ കുറ്റപ്പെടുത്തില്ല. അവരെ തടയാനും വിമർശിക്കാനും ഉദ്ദേശിക്കുന്നില്ല. പ്രജ്ജ്വലിനെതിരായ അന്വേഷണത്തിൽ എന്റെയോ കുടുംബത്തിന്റെയോ ഭാ​ഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടാകില്ല. 60 വർഷക്കാലം എന്നോടൊപ്പം അടിയുറച്ചുനിന്ന ജനങ്ങളോടാണ് എനിക്ക് കടപ്പാട്. മുന്നറിയിപ്പ് കണ്ട് പ്രവർത്തിച്ചില്ലെങ്കിൽ എന്റെയും കുടുംബത്തിന്റെയും രോഷം പ്രജ്ജ്വൽ നേരിടേണ്ടി വരും', അദ്ദേഹം കത്തിൽ പറയുന്നു. 
 
അതേസമയം, കർണാടക സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചെന്നാണ് വിവരം. ഇന്റര്‍പോളിനെക്കൊണ്ട് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കാനായെങ്കിലും പ്രജ്ജ്വലിനെ ഇതുവരെ തിരികെയെത്തിക്കാനായിട്ടില്ല.  

നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നാണ് 33-കാരനായ പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങള്‍ കര്‍ണാടകയില്‍ പ്രചരിച്ചിരുന്നു. വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതിയും നല്‍കി. ഇതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തി. തുടർന്ന് ഏപ്രില്‍ 26-ന് അര്‍ധരാത്രി പ്രജ്ജ്വൽ വിദേശത്തേക്കു കടന്നു.