
ഛണ്ഡീഗഢ് (പഞ്ചാബ്): അനധികൃതമായി യു.എസിലേക്ക് കയറിപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ട ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘത്തെയും വഹിച്ചുകൊണ്ടുള്ള വിമാനം ശനിയാഴ്ച രാത്രിയോടെ പഞ്ചാബിലെ അമൃത്സറില് ഇറങ്ങി. അമേരിക്കന്‍ പട്ടാളക്കാരുടെ അകമ്പടിയോടെ 116 അനധികൃതകുടിയേറ്റക്കാരാണ് യു.എസ്. എയര്‍ക്രാഫ്റ്റില്‍ അമൃത്സര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. കൈകളും കാലുകളും ബന്ധിക്കപ്പെട്ട നിലയില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കപ്പെട്ടവരില് ചിലര്‍ പങ്കുവെച്ച അനുഭവകഥകളാണ് ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും പുറത്തുവരുന്നത്.
എങ്ങനെയും അമേരിക്കയിലെത്തുക, കിട്ടുന്ന എന്ത് ജോലിയും ചെയ്ത് പണം സമ്പാദിക്കുക, എങ്ങനെയും ജീവിതത്തില്‍ വിജയിക്കുക എന്നതായിരുന്നു മിക്കവരുടെയും സ്വപ്നം. അതിനായി കടം വാങ്ങിയും വസ്തുവകകള്‍ വില്‍ക്കുകയും ചെയ്താണ് മിക്കവരും ഏജന്റുമാര്‍ ആവശ്യപ്പെട്ട തുക നല്‍കിയത്. ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇവരെല്ലാം. നിലംവിറ്റും ബന്ധുക്കളോട് കടം വാങ്ങിയും സ്വരൂപിച്ച 45 ലക്ഷം രൂപയാണ് ഫെരോസെപുര് സ്വദേശിയായ സൗരവിനെ യു.എസില്‍ എത്തിക്കുന്നതിനായി അയാളുടെ മാതാപിതാക്കള്‍ ചെലവാക്കിയത്. എന്നാല്‍ അമേരിക്കയില്‍ കാലുകുത്തി മണിക്കൂറുകള്‍ക്കകം സൗരവ് പോലീസിന്റെ പിടിയിലായി.
'കഴിഞ്ഞ ഡിസംബര്‍ 17-നാണ് ഞാന്‍ ഇന്ത്യയില്‍നിന്നും യാത്രതിരിച്ചത്. നേരെ അമേരിക്കയിലേക്കായിരുന്നില്ല ആ യാത്ര. നിരവധി സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങിയ ശേഷമാണ് ഞങ്ങള്‍ മെക്സിക്കോയിലെത്തിയത്. മെക്സിക്കോയിലൂടെ യു.എസ്. അതിര്‍ത്തി കടക്കാനായിരുന്നു ഞങ്ങളുടെ പദ്ധതി. പഞ്ചാബില്‍ നിന്നും ഞാന്‍ പോയത് മലേഷ്യയിലേക്കായിരുന്നു. അവിടെ ഒരാഴ്ച താമസിച്ചു. അവിടെനിന്നും വിമാനമാര്‍ഗം മുംബൈയിലേക്ക് വന്നു. അവിടെ 10 ദിവസം തങ്ങി. പിന്നീട് ആംസ്റ്റര്‍ഡാമിലേക്കും അവിടെനിന്നും പനാമയിലേക്കും തപാചുലയിലേക്കും എത്തിപ്പെട്ടു. ഏറ്റവും ഒടുവില്‍ മെക്സിക്കോ സിറ്റിയിലെത്തി. മെക്സിക്കോ സിറ്റിയില്‍ നിന്നും മൂന്നുനാലുദിവസം എടുത്താണ് ഞങ്ങള്‍ അതിര്‍ത്തിയിലെത്തിയത്,' സൗരവ് പറയുന്നു.
'ജനുവരി 27-നാണ് ഞാന്‍ അമേരിക്കയില്‍ കാലുകുത്തിയത്. മെക്സിക്കന്‍ അതിര്ത്തിലൂടെയാണ് ഞങ്ങള്‍ അമേരിക്കയിലേക്ക് കടന്നത്. മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശത്തൂടെയായിരുന്നു ഞങ്ങളുടെ സംഘം സഞ്ചരിച്ചിരുന്നത്. ഏകദേശം മൂന്നുദിവസത്തെ യാത്രവേണ്ടിവന്നു യു.എസ്. അതിര്‍ത്തിയില്‍ എത്താന്‍. എന്നാല്‍ അതിര്‍ത്തി കടന്ന് രണ്ടുമൂന്ന് മണിക്കൂറിനുള്ളില്‍തന്നെ യു.എസ്. പോലീസ് ഞങ്ങളെ പിടികൂടി. ആദ്യം പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്, അവിടെ എത്തിയയുടന്‍ ഞങ്ങളുടെ ഫോണുകള്‍ അവര്‍ പിടിച്ചെടുത്തു. അതോടെ നാട്ടിലേക്ക് ബന്ധപ്പെടാനുള്ള വഴി അടഞ്ഞു. പിന്നീട്, രണ്ടുമൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ക്യാമ്പിലേക്ക് കൊണ്ടുപോയത്', സൗരവ് പറയുന്നു.
'ക്യാമ്പിലെത്തിയ ഉടന്‍ അവിടുത്തെ ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ ഫോട്ടോയെടുത്തു, വിലരടയാളം രേഖപ്പെടുത്തി. 18 ദിവസത്തോളമാണ് ആ ക്യാമ്പില്‍ കഴിച്ചുകൂട്ടിയത്. അവിടെ ആരും ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഞങ്ങള്‍ പറയുന്ന ഒന്നിനും അവര്‍ ചെവിതരുന്നുണ്ടായിരുന്നില്ല. രണ്ടുദിവസം മുമ്പ് ഉദ്യോഗസ്ഥരെത്തി ഞങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയാണ് എന്ന് പറഞ്ഞു. വിമാനത്തില്‍ കയറിയ ശേഷമാണ്, വേറെ ക്യാമ്പിലേക്കല്ല ഇന്ത്യയിലേക്ക് തന്നെ തിരിച്ചയയ്ക്കുകയാണ് എന്ന കാര്യം ഞങ്ങളോട് പറയുന്നത്. വിമാനത്തിനുള്ളില്‍ ഞങ്ങളുടെ കൈകാലുകള്‍ ബന്ധിക്കപ്പെട്ടു. ഒടുവില്‍ ഞങ്ങള്‍ ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തപ്പെട്ടു', സൗരവ് പറയുന്നു.
'യു.എസ്. സര്‍ക്കാരിനോട് ഞങ്ങള്‍ എന്ത് പറയാനാണ്, നിയമപരമായി എന്താണോ ചെയ്യേണ്ടത് അതേ അവര്‍ ചെയ്തിട്ടുള്ളൂ. പക്ഷേ എന്റെ മാതാപിതാക്കള്‍ അവരുടെ വസ്തുവകകള്‍ വിറ്റും കടംവാങ്ങിയും സ്വരൂപിച്ച രൂപയാണ്. ഞങ്ങള്‍ക്കിപ്പോള്‍ വേറെ വരുമാനമാര്‍ഗമില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കണം. വേറെ ആരോടും ഞങ്ങള്‍ക്ക് സഹായമഭ്യര്ഥിക്കാനില്ല,' സൗരവ് നിസ്സഹായനായി പറയുന്നു. എങ്ങനെയെങ്കിലും യു.എസ്. അതിര്‍ത്തി കടന്നുകിട്ടിയാല്‍ പിന്നെ രക്ഷപ്പെടാം എന്ന സ്വപ്നവുമായാണ് മിക്ക യുവാക്കളും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്.
ഇത്തരത്തില്‍ അനധികൃതമായി അതിര്‍ത്തി കടന്ന് രക്ഷപ്പെട്ടവരുടെ കഥകളുമായി എത്തുന്ന ഏജന്റുമാരാല്‍ സ്വാധീനിക്കപ്പെട്ട് സകലതും നഷ്ടപ്പെട്ട് നില്‍ക്കുമ്പോഴും അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ഇരകള്‍ തയ്യാറാകുന്നില്ല എന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. അതേസമയം, ഔദ്യോഗികമായി യു.എസില്‍ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് ചതിക്കപ്പെട്ടവരും ഇത്തരം ഏജന്റുമാരുടെ ചതിക്കുഴിയില്പെടുന്നുണ്ട്. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ജില്ലയില്‍ നിന്നുള്ള ദല്‍ജിത് സിങിന്റെ കഥ അങ്ങനെ ഒന്നാണ്.
നാട്ടില്‍ തന്നെയുള്ള ട്രാവല്‍ ഏജന്റ് വഴിയാണ് ദല്‍ജിത്ത് യു.എസിലേക്ക് പോകാന്‍ ശ്രമിച്ചത്. യു.എസിലേക്ക് നേരിട്ടുള്ള വിമാനത്തില്‍ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത ഏജന്റ് ഒടുവില്‍ മെക്സിക്കോയിലെ ഏറ്റവും അപകടം പിടിച്ച, 'ഡോങ്കി റൂട്ട്' എന്ന വഴിയിലൂടെയാണ് ദല്‍ജിത്തിനെ യു.എസ്. അതിര്‍ത്തിയിലേക്ക് കൊണ്ടുപോയത്. ഒടുവില്‍ പോലീസ് പിടിച്ച് കുറ്റവാളിയെപ്പോലെയാണ് ദല്‍ജിത്ത് നാട്ടിലേക്ക് തിരിച്ചെത്തിയത്. തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നു എന്നും ഇത്തരം ഏജന്റുമാരെ കണ്ടെത്തി അവര്‍ക്കെതിരെ പോലീസ് കടുത്ത നടപടി സ്വീകരിക്കണമെന്നും ദല്‍ജിത്തിന്റെ ഭാര്യ കമല്‍പ്രീത് കൗര്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രി ഇന്ത്യയിലെത്തിച്ചവരില്‍ മിക്കവരും 18-നും 30-നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ പഞ്ചാബില്‍ നിന്ന് 65 പേര്, ഹരിയാനയില്‍ നിന്ന് 33 പേര്, ഗുജറാത്തില്‍ നിന്ന് എട്ടുപേര്‍. ഉത്തര്‍പ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതം, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര് വീതവുമാണ് ഉള്ളത്. അനധികൃതമായി യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ച് പിടിയിലായ ഇന്ത്യക്കാരില്‍ മൂന്നാമത്തെ സംഘം ഞായറാഴ്ച വൈകിട്ടോടെ അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തും. 157 പേരാണ് ഈ വിമാനത്തില്‍ ഉണ്ടാവുക.
Content Highlights: deported men from us reacts to media shares their story
Published: 16 Feb 2025, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented