ന്യൂഡൽഹി: മണ്ഡല പുനർനിർണയത്തിന്റെ പേരിൽ പ്രതിപക്ഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടത്തുന്നതെന്ന് ബിജെപി എംപി തേജസ്വി സൂര്യ.

To advertise here,

മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രതികൂലമല്ല. നിർദിഷ്ട മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇതിനെക്കാൾ മികച്ചതൊന്ന് ലഭിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കാനും മണ്ഡല പുനർനിർണയത്തിനുമായുള്ള ബില്ലുകളിന്മേൽ പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മണ്ഡല പുനർനിർണയത്തിനുള്ള നീക്കത്തെ പ്രതിപക്ഷ എംപിമാർ ശക്തമായി എതിർത്തു. വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയത്തെയും ബന്ധിപ്പിച്ചതിനെ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ചോദ്യംചെയ്തു. കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണത്തെ കോൺഗ്രസ് എല്ലായ്‌പ്പോഴും അനുകൂലിക്കുന്നുണ്ട്. എന്നാൽ, വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയത്തെ കേന്ദ്രം ഒരു ആയുധമായി ഉപയോഗിക്കുകയാണ്. ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകർക്കുകയാണ് ചെയ്യുന്നത്. നിലവിലെ ലോക്‌സഭ സീറ്റുകൾ അടിസ്ഥാനമാക്കി വനിതാ സംവരണം നടപ്പാക്കണം. വനിതാ സംവരണത്തെ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കരുത്. മണ്ഡല പുനർനിർണയം പിൻവാതിലിലൂടെ നടപ്പാക്കാനായി വനിതാ സംവരണ ബില്ലിനെ സർക്കാർ ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് എംപി കുറ്റപ്പെടുത്തി.