ചാവക്കാട് താലൂക്കാസ്ഥാന ആശുപത്രിയിൽ പുതിയ അത്യാഹിത വിഭാഗം സമുച്ചയം ഉദ്ഘാടനം
ചാവക്കാട് : സ്വകാര്യ ആശുപത്രികളോട് മത്സരിക്കുകയല്ല ഉദ്ദേശ്യമെന്നും സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ചാവക്കാട് താലൂക്കാസ്ഥാന ആശുപത്രിയിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 10.8 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ പുതിയ അത്യാഹിതവിഭാഗം സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പെറ്റ്‌സ്‌കാൻ സംവിധാനം വൈകാതെ തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിൽ ഏർപ്പെടുത്തുമെന്നും കൂടുതൽ സർക്കാർ ആശുപത്രികളിൽ റോബോട്ടിക് സർജന്റെ സേവനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആരോഗ്യമേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സുമാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ള ജീവനക്കാരില്ലാത്തതാണ്. ആരോഗ്യവകുപ്പിന്റെ സ്റ്റാഫ് പാറ്റേൺ ഇപ്പോഴും വളരെ പഴയതായതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. 3,800-ഓളം പുതിയ ഡോക്ടർമാരുടെയും നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ലാബ് ടെക്‌നീഷ്യൻമാർ എന്നിവരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അടിയന്തരമായി മൂന്നു ഘട്ടങ്ങളിലായി അത് അനുവദിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എൻ.കെ. അക്ബർ എം.എൽ.എ. അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ സന്തോഷ്‌കുമാർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ, വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിതാ അരവിന്ദൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിലാ ഗിരി, ചാവക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ പി. യതീന്ദ്രദാസ്, കെ.എച്ച്. സലാം തുടങ്ങിയവർ പ്രസംഗിച്ചു.
Published: 07 Nov 2026, 03:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented