ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ മുതിർന്ന അഭിഭാഷകർ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് സുപ്രീം കോടതി. തലസ്ഥാനത്തെ മലിനീകരണം നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് കോടതി അഭിഭാഷകരോട് ആശങ്ക പ്രകടിപ്പിച്ചത്.

To advertise here,

വായു മലിനീകരണ സാഹചര്യം ‘വളരെ ഗുരുതരമാണ്’ എന്ന് ഓർമിപ്പിച്ച സുപ്രീം കോടതി, വീഡിയോ കോൺഫറൻസ് സൗകര്യം ഉള്ളപ്പോൾ മുതിർന്ന അഭിഭാഷകർ നേരിട്ട് ഹാജരാകുന്നത് എന്തിനെന്ന് ചോദിച്ചു. ‘മാസ്‌കുകൊണ്ടൊന്നും കാര്യമില്ല, ഈ കടുത്ത മലിനീകരണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും’, കോടതി പറഞ്ഞു. വെർച്വൽ ഹിയറിങ് സൗകര്യം പ്രയോജനപ്പെടുത്താനും പുറത്തിറങ്ങുന്നത് കുറയ്ക്കാനും ജസ്റ്റിസ് പി.എസ്. നരസിംഹ അഭിഭാഷകരോട് പറഞ്ഞു. 

തുടർച്ചയായ മൂന്നാം ദിവസവും നഗരത്തിലെ വായുവിന്റെ ഗുണനിലവാര സൂചിക 'ഗുരുതര' വിഭാഗത്തിൽ തന്നെ തുടരുകയാണ്. വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ മൂന്നിലധികം സ്റ്റേഷനുകളിൽ വായു ഗുണനിലവാര സൂചിക (AQI) 400-ന് മുകളിലാണ്.

മലിനീകരണം രൂക്ഷമായി തുടരുമ്പോഴും ഡൽഹിയുടെ സമീപപ്രദേശങ്ങളിൽ വിളവെടുപ്പ് അവശിഷ്ടങ്ങൾ കത്തിക്കുന്നതായി സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വൈക്കോൽ കത്തിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സമർപ്പിക്കാൻ ബുധനാഴ്ച പഞ്ചാബിനോടും ഹരിയാനയോടും നിർദേശിച്ചിരുന്നു. തലസ്ഥാന നഗരിയിൽ വായു ഗുണനിലവാരം താഴേയ്ക്കുപോകന്നതിന് സംസ്ഥാന ഭരണകൂടങ്ങളെ ഉത്തരവാദികളാക്കിക്കൊണ്ടുള്ള നടപടികളുടെ വ്യക്തമായ തെളിവുകൾ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. നവംബർ 17-ന് വിഷയം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായി പറഞ്ഞു.