
ന്യൂഡൽഹി: ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതിമാർക്ക് ഡൽഹിയിലെ ഒരു റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചതായി ആരോപണം. ഡൽഹിയിലെ പീതംപുരയിലുള്ള റെസ്റ്റോറന്റിനെതിരെയാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റെസ്റ്റോറൻ്റ് മാനേജർ തങ്ങളോട് മോശമായി പെരുമാറിയെന്ന് ദമ്പതികൾ ആരോപിച്ചു. ഇന്ത്യൻ വസ്ത്രം ധരിച്ചവരെ പ്രവേശിപ്പിക്കാത്ത റെസ്റ്റോറന്റിന് പ്രവർത്തിക്കാൻ അവകാശമില്ലെന്നും അത് ഉടൻ അടച്ചുപൂട്ടണമെന്നും വീഡിയോ പകർത്തിയ വ്യക്തി ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഡൽഹി കാബിനറ്റ് മന്ത്രി കപിൽ മിശ്ര വിഷയത്തിൽ ഇടപെടുകയും മുഖ്യമന്ത്രി രേഖ ഗുപ്തയെ വിഷയം ധരിപ്പിച്ചതായി അറിയിക്കുകയും ചെയ്തു. ഡൽഹിയിൽ ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും മിശ്ര എക്സിൽ കുറിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടനടി നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് ഇനി വസ്ത്രധാരണത്തിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തില്ലെന്ന് റെസ്റ്റോറൻ്റ് ഉടമകൾ സമ്മതിച്ചതായി പിന്നീട് ഒരു പോസ്റ്റിൽ മിശ്ര അറിയിച്ചു. രക്ഷാബന്ധൻ ദിനത്തിൽ, ഇന്ത്യൻ വസ്ത്രം ധരിച്ചെത്തുന്ന സഹോദരിമാർക്ക് റെസ്റ്റോറൻ്റ് ചില ആനുകൂല്യങ്ങൾ നൽകുമെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം, ദമ്പതികൾ ടേബിൾ ബുക്ക് ചെയ്തിരുന്നില്ലെന്നും അതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നും റെസ്റ്റോറൻ്റ് ഉടമ നീരജ് അഗർവാൾ അവകാശപ്പെട്ടു. റെസ്റ്റോറൻ്റിന് വസ്ത്രധാരണത്തിൽ പ്രത്യേക നിയമങ്ങളില്ലെന്നും എല്ലാ ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Couple denied entry to Delhi restaurant for wearing Indian clothes.
Published: 09 Aug 2025, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented