തിങ്കളാഴ്ച ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒൻപത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അനുശോചനം രേഖപ്പെടുത്തി. സമാധാനം പാലിക്കണമെന്നും അഭ്യൂഹങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

To advertise here,

സംഭവം 'അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണ്' എന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് തന്റെ അഗാധമായ അനുശോചനം അറിയിച്ചു. 'പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു,' അവര്‍ പറഞ്ഞു.

പരിക്കേറ്റ ആളുകള്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുന്നുണ്ടെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ഡല്‍ഹി പോലീസ്, എന്‍എസ്ജി, എന്‍ഐഎ, എഫ്എസ്എല്‍ സംഘങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

'എല്ലാ ഡല്‍ഹി നിവാസികളോടും അഭ്യൂഹങ്ങള്‍ ഒഴിവാക്കാനും സമാധാനം പാലിക്കാനും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ദയവായി പോലീസും ഭരണകൂടവും നല്‍കുന്ന ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക,' മുഖ്യമന്ത്രി പറഞ്ഞു.