ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ പെൺകുട്ടിക്കെതിരായ നിയമനടപടികൾ ഡൽഹി പോലീസ് അവസാനിപ്പിച്ചു. നോയിഡ സ്വദേശിയായ പെൺകുട്ടിക്കെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിരുന്ന സീറോ എഫ്.ഐ.ആറിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടതില്ലെന്നും പുതിയതായി കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നുമാണ് പോലീസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വിവാദ പരാമർശത്തിൽ പെൺകുട്ടി പ്രധാനമന്ത്രിയോട് മാപ്പ് പറയുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

To advertise here,

നോയിഡ പോലീസാണ് ഈ സംഭവത്തിൽ ആദ്യമായി സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആറിൽ 25 വയസ്സുള്ള പെൺകുട്ടി എന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, തന്റെ മകൾക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന് പെൺകുട്ടിയുടെ മാതാവ് പിന്നീട് വ്യക്തമാക്കിയിരുന്നു. തുടർന്ന് നോയിഡ പോലീസ് ഈ എഫ്.ഐ.ആർ കൂടുതൽ നടപടികൾക്കായി ഡൽഹി പോലീസിന് കൈമാറുകയായിരുന്നു.

വിവാദമായ പരാമർശത്തിന് പിന്നാലെ പെൺകുട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമായി രംഗത്തെത്തുകയും പ്രധാനമന്ത്രിയോട് ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. പെൺകുട്ടി മാപ്പ് പറയുകയും പ്രധാനമന്ത്രി അത് സ്വീകരിക്കുകയും ചെയ്തിട്ടും എഫ്.ഐ.ആർ പിൻവലിക്കാത്തതിൽ മകളുടെ ഭാവി ഓർത്ത് മാതാവ് മാധ്യമങ്ങളിലൂടെ പരിഭവം രേഖപ്പെടുത്തിയിരുന്നു. ഈ വിഷയം ഡൽഹി പോലീസ് വിശദമായി പരിശോധിക്കുകയും ഖേദപ്രകടനം കണക്കിലെടുത്ത് പെൺകുട്ടിക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു.