ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സി.ജെ.പി. പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിനെത്തിയ അഭിജീത് ദിപ്കെ അടക്കമുള്ള നേതാക്കളെ വിമാനത്തിൽവെച്ചുതന്നെ അസാധാരണമാംവിധത്തിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിവിനു വിപരീതമായി വനിതാ പോലീസ് ഉദ്യോഗസ്ഥരെത്തിയായിരുന്നു സി.ജെ.പി. നേതാക്കളായ ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ കസ്റ്റഡിയിലെടുത്തത്.

To advertise here,

പ്രതിഷേധിക്കാനെത്തിയവരെ വിമാനത്തിൽവെച്ച് കസ്റ്റഡിയിലെടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന സംഘർഷം ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ വനിതാ ജീവനക്കാരെത്തി ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിനകത്ത് ഇടുങ്ങിയ വഴികളാണ്. ഇവിടെവെച്ച് വാക്കേറ്റമോ കൈയേറ്റമോ ഉണ്ടായാൽ അത് വലിയ സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യത പോലീസ് മുൻകൂട്ടി കണ്ടിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രതിഷേധവും ആരോപണവും മുൻകൂട്ടി കണ്ട് ഡൽഹി പോലീസ് സമർത്ഥമായി വനിതാ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നാണ് സൂചന.

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് വനിതാ പോലീസുകാരുടെ സംഘം വിമാനത്തിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ദിപ്കെതന്നെ പുറത്തുവിട്ടിരുന്നു. അതേസമയം, വിമാനത്തിനകത്ത് വലിയ തോതിൽ സംഘർഷങ്ങൾക്കൊന്നും ഇടം കൊടുക്കാതെതന്നെ ദിപ്കെ പോലീസുമായി സഹകരിച്ച് പുറത്തിറങ്ങിയിരുന്നു. വനിതാ പോലീസ് ഉദ്യോഗസ്ഥസംഘം വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനത്തിൽ കയറുന്നതും വിമാനത്തിനകത്തിരുന്ന ദിപ്കെ അടക്കമുള്ളവർ മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനത്തിന് പുറത്തിറങ്ങുന്നതുവരെ തടയരുതെന്ന് പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും അവർ ചെവിക്കൊണ്ടില്ല. തുടർന്ന് പോലീസ് വലയത്തിൽ ഇവരെ പുറത്തിറക്കുകയായിരുന്നു.

ജൂലൈ 20-ലെ സി.ജെ.പി. പ്രതിഷേധത്തിൽനിന്നേറ്റ കനത്ത തിരിച്ചടി വീണ്ടും ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഡൽഹി പോലീസും കേന്ദ്രവും കിണഞ്ഞു പരിശ്രമിക്കുന്നത്. നേതാക്കളെ കസ്റ്റഡിയിലെടുത്ത് വിവിധയിടങ്ങളിൽ പാർപ്പിച്ച് അണികളിൽനിന്ന് അകറ്റുക എന്ന തന്ത്രമാണ് പോലീസ് സ്വീകരിക്കുന്നത്. വിമാനത്തിനുള്ളിൽ വെച്ചുതന്നെ അറസ്റ്റ് ചെയ്യുന്നത് ഏകാധിപത്യപരമായ നടപടിയാണെന്നും അടിയന്തരാവസ്ഥാ കാലത്തുപോലും ഉണ്ടാകാത്ത അനുഭവമാണിതെന്നും ദിപ്കെ ആരോപിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ആയിരത്തിലധികം പേരെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്. സി.ജെ.പി., സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ., എ.ഐ.എസ്.എ. ഉൾപ്പെടെയുള്ള സംഘടനാ നേതാക്കളെ അറസ്റ്റുചെയ്തു. മുതിർന്ന നേതാവ് പിണറായി വിജയൻ മുതൽ ഐഷി ഘോഷ് ഉൾപ്പെടെയുള്ള യുവനേതൃങ്ങൾവരെ കസ്റ്റഡിയിലുണ്ട്. ഇതിനകം ആയിരത്തിലധികം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

അതേസമയം, കനത്ത പോലീസ് നിയന്ത്രണത്തിനിടയിലും ഡൽഹിയിലെ പലയിടങ്ങളിലും യുവാക്കൾ പ്രതിഷേധവുമായി മുന്നോട്ടുപോവുന്നു. ഡൽഹി പോലീസിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് മുന്നൂറോളം വരുന്ന എസ്.എഫ്.ഐ. പ്രവർത്തകർ ജന്തർ മന്തറിന് അടുത്തുവരെയെത്തി. സി.ജെ.പി. സ്ഥാപകൻ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കസ്റ്റഡിയിലെടുത്ത് വെവ്വേറെയിടങ്ങളിലേക്കാണ് മാറ്റിയത്. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സമരത്തെ നേരിടുന്നത്.