ന്യൂഡൽഹി: ആർ.എസ്.എസ് നേതാവ് സി. സദാനന്ദൻ മാസ്റ്ററെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നടപടിയെ ചോദ്യംചെയ്ത് ഡൽഹി ഹൈക്കോടതിയിൽ ഫയൽചെയ്ത പൊതുതാത്പര്യ ഹർജി തള്ളി. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. രാഷ്ട്രീയ നേതാക്കളെയും രാജ്യസഭാ അംഗങ്ങളായി രാഷ്ട്രപതിക്ക് നോമിനേറ്റ് ചെയ്യാമെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കി.
ഭരണഘടനയുടെ 80(3) അനുച്ഛേദപ്രകാരം സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളവരെയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്യേണ്ടത് എന്നാണ് ഹർജിക്കാരുടെ വാദം. ഈ മേഖലകളിൽ സി. സദാനന്ദൻ മാസ്റ്റർക്ക് പ്രാവീണ്യം ഇല്ലെന്നും അതിനാൽ നോമിനേഷൻ റദ്ദാക്കണം എന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നത്. അഭിഭാഷകൻ സുഭാഷ് തീക്കാടൻ ആണ് ഹർജി ഫയൽ ചെയ്തിരുന്നത്.
എന്നാൽ, രാജ്യസഭാംഗങ്ങളായി നോമിനേറ്റ് ചെയ്യാനുള്ള വിവേചനാധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തം ആണെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. നോമിനേറ്റ് ചെയ്യുന്ന വ്യക്തികളെ കണ്ടെത്തുന്നതിനുള്ള പ്രത്യേക മാർഗ്ഗരേഖകൾ ഒന്നും ഭരണഘടനയിൽ നിഷ്കർച്ചിട്ടില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. മുമ്പ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്ന് എന്ന കാരണത്താൽ ഒരാളുടെ നോമിനേഷന് അർഹൻ അല്ലാതാകില്ലെന്നും ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Content Highlights: Delhi High Court dismissed the PIL against C. Sadanandan Master's nomination., Court affirmed the President's discretionary power in Rajya Sabha nominations., The ruling clarified that political background does not disqualify a nominee under Article 80(3)., No specific constitutional guidelines exist for the selection process of nominees.
Published: 29 May 2026, 06:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented