ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍ വന്‍ വാഗ്ദാനങ്ങളോടെ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്. 

To advertise here,

ഗര്‍ഭിണികള്‍ക്ക് 21000 രൂപ, സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ, പാചകവാതക സിലിണ്ടറിന് 500 രൂപ സബ്‌സിഡി തുടങ്ങിയ വാഗ്ദാനങ്ങളാണ് വോട്ടര്‍മാര്‍ക്ക് മുന്നില്‍ ബിജെപി വെച്ചിരിക്കുന്നത്.

ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കുന്ന കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 5 ലക്ഷം രൂപയുടെ അധിക പരിരക്ഷയും നഡ്ഡ പ്രഖ്യാപിച്ചു.

സ്ത്രീകളെയും യുവവോട്ടര്‍മാരെയും ലക്ഷ്യംവെച്ചുള്ള പ്രഖ്യാപനങ്ങളാണ് ബിജെപി പ്രകടനപത്രികയില്‍ പ്രധാനമായും ഉള്ളത്.

പ്രധാന വാഗ്ദാനങ്ങള്‍

  • മഹിളാ സമൃദ്ധി യോജന എന്ന പേരിലുള്ള പദ്ധതിയിലൂടെ ഡല്‍ഹിയിലെ എല്ലാ സ്ത്രീകള്‍ക്കും 2500 രൂപ നല്‍കും. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതിന് അംഗീകാരം നല്‍കും.
  • ഡല്‍ഹിയില്‍ നിലവിലുള്ള എല്ലാ ക്ഷേമ പദ്ധതികളും തുടരും
  • പാചകവാതകം ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് സിലിണ്ടറിന് 500 രൂപ സബ്സിഡി ലഭിക്കും, കൂടാതെ ഹോളിയിലും ദീപാവലിയിലും അവര്‍ക്ക് ഓരോ സിലിണ്ടറും സൗജന്യമായി ലഭിക്കും.
  • ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് 21000 രൂപ നല്‍കും
  • ജെജെ ക്ലസ്റ്ററുകളില്‍ 5 രൂപയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനായി അടല്‍ കാന്റീനുകള്‍ സ്ഥാപിക്കും
  • 60 നും 70 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 2,500 രൂപയും 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് 3,000 രൂപയും പെന്‍ഷനായി നല്‍കും