ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമാകുമ്പോള്‍ ഡല്‍ഹിയിലെ പരിചയമില്ലാത്ത കാലാവസ്ഥയിലും ചുറ്റുപാടുകളിലും വന്നുപെട്ടതിന്റെ പ്രയാസത്തിലാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മലയാളികളായ വിദ്യാര്‍ഥികള്‍. വായു മലിനീകരണം മാത്രമല്ല ഡല്‍ഹിയില്‍ തണുപ്പിന് തീവ്രതയേറി വരുന്നതും വിദ്യാര്‍ഥികളെ പ്രയാസത്തിലാക്കുന്നു.

To advertise here,

ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള തണുപ്പും അനിയന്ത്രിതമായ മലിനീകരണവും കാരണം നാട്ടിലേക്ക് വണ്ടി കയറാനാണ് ഭൂരിഭാഗം മലയാളി വിദ്യാര്‍ഥികളും ആഗ്രഹിക്കുന്നത്. നാട്ടിലേക്ക് പോകാനായില്ലെങ്കിലും ശുദ്ധവായു ശ്വസിക്കാന്‍ കിട്ടിയാല്‍ മതിയെന്നാണ് വിദ്യാര്‍ഥികളുടെ ആഗ്രഹം. ക്ലാസുമുറികളിലെ ഹാജര്‍ നില കുത്തനെ കുറഞ്ഞു. പകുതിയിലേറെ വിദ്യാര്‍ഥികളും അവധിയിലാണ്. കുറേപ്പേര്‍ അസുഖം ബാധിച്ചു കഴിയുന്നു. കഴിയുമെങ്കില്‍ ഹോസ്റ്റലിന് പുറത്തിറങ്ങാതെ ഓണ്‍ലൈനായി ക്ലാസുകള്‍ കേള്‍ക്കാനാണ് വിദ്യാര്‍ഥികള്‍ക്ക് താത്പര്യം. വിഷപ്പുക ശ്വസിക്കാന്‍ കഴിയാത്തത് കാരണം പുറത്തേയ്ക്കുള്ള പോക്ക് പരമാവധി കുറച്ചതായും ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ മാതൃഭൂമിയോട് പറഞ്ഞു.

നിശ്ചിത സമയത്തില്‍ കൂടുതല്‍ മുറികള്‍ക്ക് ഉള്ളില്‍ പോലും ഇരിക്കാനാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് പഠനത്തെ കാര്യമായി ബാധിക്കുന്നതായി ജെ.എന്‍.യുവിലെ പി.എച്ച്.ഡി വിദ്യാര്‍ഥിയായ മലയാളി ജാഫര്‍ സാദിഖ് പറഞ്ഞു. ശുദ്ധ വായു ശ്വസിക്കാന്‍ ഡല്‍ഹി വിട്ടുപോകേണ്ട അവസ്ഥയാണെന്നും തണുപ്പ് കാലത്ത് അസുഖങ്ങള്‍ വന്നാല്‍ വിട്ടുമാറാന്‍ പ്രയാസമാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വൈറല്‍ പനിയാണ് തണുപ്പ് കാലത്ത് ക്യാമ്പസുകളിലെ വിദ്യാര്‍ഥികളെ കൂടുതലായി ബാധിക്കുന്ന അസുഖം. തണുപ്പുകാലത്ത് ഇത് വിട്ടുമാറാന്‍ തികച്ചും പ്രയാസമാണെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. നാട്ടിലേക്ക് പോകുന്നതിന് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചതും വിദ്യാര്‍ഥികളെ വലയ്ക്കുന്നുണ്ട്.  ജെ.എന്‍.യുവിലെ അവസ്ഥയേക്കാള്‍ മോശമാണ് ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാമ്പസിലെ അവസ്ഥയെന്നാണ് ഡി.യു പൂര്‍വ വിദ്യാര്‍ഥിയും ഇപ്പോള്‍ ജെ.എന്‍.യുവിലെ ഒന്നാം വര്‍ഷ പി.ജി. വിദ്യാര്‍ഥിയുമായ നന്ദന സി. അജയ് പറയുന്നത്.

പുറത്തേയ്ക്ക് നോക്കിയാല്‍ മഞ്ഞാണോ പുകയാണോ എന്നറിയാന്‍ കഴിയാത്ത അവസ്ഥയാണ്. പുറത്ത് യഥേഷ്ടം സഞ്ചരിക്കാനുള്ള സാഹചര്യമില്ലാതായി. മുറികളില്‍ ശരിയായ തരത്തിലുള്ള ജനലുകളോ വെന്റിലേഷനുകളോ ഇല്ല. സ്ഥലപരിമിതി ഇല്ലാത്തതും വായു സഞ്ചാരമുള്ളതുമായ മുറികള്‍ ലഭിക്കുന്നതിന് വലിയ തുക വാടകയായി നല്‍കേണ്ടതായി വരും. ഇത് വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാകില്ല. ഹോസ്റ്റലുകളില്‍ ഒരു മുറിയില്‍ നാലും അഞ്ചും കുട്ടികള്‍ താമസിക്കുന്ന അവസ്ഥയുണ്ട്. ഇത് ശ്വാസം മുട്ടലിന്റെ പ്രശ്നം വര്‍ധിപ്പിക്കുന്നു. പരീക്ഷയും കോഴ്സ് വര്‍ക്കുകളും പൂര്‍ത്തിയാക്കേണ്ടതിനാല്‍ നാട്ടിലേക്ക് പോയി വരുന്നത് പ്രായോഗികമല്ല. ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങള്‍ അടുത്തു വരുമ്പോള്‍ സ്ഥിതി കുറച്ചുകൂടി സങ്കീര്‍ണമാകും. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് ഡല്‍ഹിയില്‍ വിലക്കുണ്ടെങ്കിലും ദീപാവലി ദിവസം ഡല്‍ഹി നിവാസികള്‍ അത് കാര്യമാക്കാറില്ലെന്നും കഴിഞ്ഞ കുറേ നാളുകളായി ഡല്‍ഹിയില്‍ താമസിച്ച് പഠിക്കുന്ന നന്ദന സി. അജയ് പറഞ്ഞു.

കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി സരോജിനി മാര്‍ക്കറ്റിലേക്ക് പോയപ്പോഴാണ് ഡല്‍ഹിയിലെ മലിനീകരണത്തിന്റെ ഗൗരവം നേരിട്ടറിയാനായതെന്ന് ജെ.എന്‍.യുവിലെ സോഷ്യോളജി വിദ്യാര്‍ഥിയായ കെ. ഗോപിക ബാബു പറഞ്ഞു. മലിനീകരണത്തിന്റെ തീവ്രത മനസിലാക്കാതെ മാസ്‌ക് ധരിക്കാതെയാണ് മാര്‍ക്കറ്റിലേക്ക് പോയത്. മാര്‍ക്കറ്റിലൂടെ നടക്കുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപെട്ടു. മലിനീകരണം വര്‍ധിച്ച സാഹചര്യത്തില്‍ പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടെങ്കിലും കോവിഡ് കാലത്തെ പോലെ കടകളില്‍ മാസ്‌ക് സുലഭമല്ല. ക്യാമ്പസിന് പുറത്തുനിന്നും മാസ്‌ക് വാങ്ങണമെങ്കില്‍ പണച്ചിലവ് അധികമാണ്. മാസ്‌കുകള്‍  മാത്രമല്ല, ലഭ്യതക്കുറവ് കാരണം ചിലപ്പോഴൊക്കെ മരുന്നുകളും പുറത്തു നിന്ന് വാങ്ങേണ്ടതായി വരാറുള്ളതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. പലര്‍ക്കും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുമ്പോള്‍ ക്യാമ്പസിലെ ഹെല്‍ത്ത് സെന്ററിലാണ് ചികിത്സിക്കുക. കൂടുതല്‍ ചികിത്സ ആവശ്യമായി വന്നാല്‍ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റും.