കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയെയും അവരുടെ പാർട്ടിയെയും അടപടലം തകർത്തുകൊണ്ടിരിക്കുകയാണ് ബിജെപി. മമതയുടെ ഭരണകാലത്തെ ഓരോ നീക്കങ്ങളും അന്വേഷിച്ച് വരിഞ്ഞുമുറുക്കുന്ന ബിജെപി, മമതയുടെ പരിക്കും ഇപ്പോൾ ആയുധമാക്കിയിരിക്കുകയാണ്. ഒക്ടോബർ ആറിന് നന്ദിഗ്രാമിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ നീക്കം.

To advertise here,

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മമതയുടെ കാലിന് പരിക്കേറ്റത് ഒരു വ്യാജ ആരോപണമാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ഈ വിഷയം സംസ്ഥാന സർക്കാർ അന്വേഷിക്കുമെന്നും ഉപതെരഞ്ഞെടുപ്പ് അവസാനിച്ചതിനുശേഷം തുടർനടപടികൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് മമതയ്ക്ക് പരിക്കേൽക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതുവരെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ വീൽച്ചെയറിലായിരുന്നു. ബി.ജെ.പി തൃണമൂലിനെതിരെ സർവ്വ സന്നാഹങ്ങളും അണിനിരത്തിയ ഈ തിരഞ്ഞെടുപ്പിൽ, മമതയുടെ പരിക്ക് സംസ്ഥാനത്തുടനീളമുള്ള വോട്ടർമാർക്കിടയിൽ അവർക്ക് അനുകൂലമായ സഹതാപം നേടിക്കൊടുത്തുവെന്നാണ് വിലയിരുത്തൽ. നന്ദിഗ്രാമിൽ മമത പരാജയപ്പെട്ടെങ്കിലും തൃണമൂലിന് ഉജ്ജ്വല വിജയംനേടാൻ കഴിഞ്ഞിരുന്നു.

'തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചുകഴിഞ്ഞാൽ ഇതുസംബന്ധിച്ച് സിഐഡി അന്വേഷണം ഉണ്ടാകും' എന്ന് സുവേന്ദു അധികാരി പറഞ്ഞു.

2021 മാർച്ച് പത്തിനാണ് മമതയ്ക്ക് പരിക്കേറ്റതായി പറയപ്പെടുന്നത്. ഹൽദിയയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചശേഷം നന്ദിഗ്രാമിലേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു ഇത്. ഘാൽ പുക്കൂറിന് സമീപം, ഒരു ഗ്രാമീണ റോഡിൽ നിൽക്കുന്നതിനിടെയാണ് സംഭവം നടക്കുന്നത്. കാറിന് മുന്നിൽ നിൽക്കുമ്പോൾ നാലഞ്ചുപേർ പെട്ടെന്ന് വന്ന് തന്നെ തള്ളിമാറ്റുകയും തന്റെ കാലിന് നേരെ കാറിന്റെ വാതിൽ അടയ്ക്കുകയും ചെയ്തുവെന്ന് ബാനർജി ആരോപിച്ചു. കാറിന് മുന്നിൽ നിന്ന് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയായിരുന്നെന്നാണ് അവർ വ്യക്തമാക്കിയത്. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മമത ആരോപിച്ചിരുന്നു.

പരിക്കേറ്റ ഉടൻതന്നെ, അടുത്തുള്ള കടയിൽനിന്ന് വാങ്ങിയ ഐസ് ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ മമതയുടെ കാലിൽ പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് ചികിത്സയ്ക്കായി കാറിൽ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എസ്.എസ്.കെ.എം. ആശുപത്രിയിൽ മമതയുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തു. ഏതാനും ദിവസത്തെ ചികിത്സയ്ക്കുശേഷം, മമത വീണ്ടും പ്രചാരണ രംഗത്തിറങ്ങി. തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ കാലിൽ പ്ലാസ്റ്റർ ഇട്ടുകൊണ്ടായിരുന്നു പ്രചാരണം. അഞ്ച് വർഷത്തിനുശേഷം നന്ദിഗ്രാം വീണ്ടും പോളിങ്ബൂത്തിലേക്ക് എത്തുമ്പോൾ മമതയുടെ പരിക്ക് വീണ്ടും വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്. ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ ആറിനാണ്. വോട്ടെണ്ണൽ ഒക്ടോബർ 9-നും.