ഇംഫാല്‍: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മണിപ്പുരില്‍ ബിജെപി അംഗങ്ങള്‍ കൂട്ടമായി രാജിവച്ചു. മണിപ്പുരിലെ ഉഖ്രുല്‍ ജില്ലയിലെ ഫുന്‍ഗ്യര്‍ മണ്ഡലത്തില്‍ 43 ബിജെപി അംഗങ്ങള്‍ വ്യാഴാഴ്ച രാജിവെച്ചതായ വിവരം ഒരു പാര്‍ട്ടി ഭാരവാഹിയാണ് പുറത്തുവിട്ടത്.
നാഗാ ഭൂരിപക്ഷ ജില്ലയിലെ പാര്‍ട്ടിയുടെ ഫുന്‍ഗ്യര്‍ മണ്ഡലത്തില്‍ നിന്ന് രാജിവച്ചവരില്‍ മണ്ഡലം പ്രസിഡന്റ്, മഹിളാ, യുവ, കിസാന്‍ മോര്‍ച്ചകളുടെ തലവന്മാരും, മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റുമാരും ഉള്‍പ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാജിവെച്ച നേതാക്കള്‍ നല്‍കിയ പ്രസ്താവന എന്ന തരത്തില്‍ പ്രചരിക്കുന്ന കുറിപ്പില്‍, പാര്‍ട്ടിക്കുള്ളിലെ നിലവിലെ അവസ്ഥയില്‍ തങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കൂടിയാലോചനകളുടെ അഭാവം, എല്ലാവരെയും ഉള്‍ക്കൊള്ളാത്ത നിലപാട്, താഴെത്തട്ടിലുള്ള നേതൃത്വത്തോടുള്ള ബഹുമാനക്കുറവ് എന്നീ കാരണങ്ങളെല്ലാം രാജിവെക്കുന്നതിലേക്ക് നയിച്ചു എന്നും പറയുന്നു.
'പാര്‍ട്ടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള ഞങ്ങളുടെ കൂറ് എപ്പോഴും അചഞ്ചലമായിരുന്നു. ഞങ്ങളുടെ സമൂഹത്തിന്റെയും മണിപ്പുരിലെ ജനങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു.' എന്നും പ്രസ്താവനയില്‍ പറയുന്നു.
2023-ലെ വംശീയ കലാപത്തിനു ശേഷം മണിപ്പുരിലേക്ക് പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ സന്ദര്‍ശനമാണിത്. കലാപം 260-ല്‍ അധികം പേരുടെ ജീവനെടുക്കുകയും ആയിരങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ശനിയാഴ്ച മണിപ്പുരില്‍ എത്താനാണ് സാധ്യത. ഫെബ്രുവരിയില്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജിവച്ചതിനെ തുടര്‍ന്ന് കേന്ദ്രം മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.
Content Highlights: days before pm narendra modi likely visit to manipur over 40 bjp members resign india news
Published: 11 Sept 2025, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented