തമിഴ്നാട്: ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് അടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ തീരദേശവാസികൾക്ക് അതിജാഗ്രതാ മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി). ഇതിന്റെ ഭാഗമായി തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി എന്നിവിടങ്ങളിൽ ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ കാറ്റ് ശ്രീലങ്കയ്ക്ക് സമീപം ബംഗാൾ ഉൾക്കടലിൽ വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയാണെന്ന് ഐഎംഡി ഡയറക്ടർ ജനറൽ ഡോ. മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. അർധരാത്രിയോടെ തമിഴ്നാട് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്‌നാടിനും പുതുച്ചേരിക്കും ചുറ്റുമുള്ള കടൽക്കാറ്റ് മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ എത്തിയിട്ടുണ്ട്. ഇത് മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ എത്തിയേക്കാമെന്നാണ് കണക്കുകൂട്ടൽ. തമിഴ്‌നാടിനും പുതുച്ചേരിക്കും സമീപം എട്ട് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാളെ രാവിലെ തമിഴ്‌നാട്, പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയും വൈകുന്നേരംവരെ ശക്തമായ കാറ്റും മഴയും തുടരുകയും ചെയ്യും, ഐഎംഡി ഡയറക്ടർ പറഞ്ഞു.
കാറ്റിന് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുണ്ട്. റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും ഭരണകൂടവും അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കേരളത്തിലും ഒറ്റപ്പെട്ട, ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തീരദേശ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. അടുത്ത 48 മണിക്കൂറിൽ തമിഴ്നാട് തീരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചെന്നൈ വിമാനത്താവളത്തിൽനിന്നുള്ള 54 വിമാനങ്ങൾ റദ്ദാക്കി.
നാഗപട്ടണത്ത് ശക്തമായ മഴ തുടരുന്നുണ്ട്. നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. കടലൂർ ജില്ലയിൽ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനാവശ്യമായ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞതായി മന്ത്രി എംആർകെ പന്നീർസെൽവം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേനയും തയ്യാറെടുപ്പുകൾ പൂർത്തിയാണെന്ന് അറിയിച്ചിട്ടുണ്ട്.
ഡിറ്റ് വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ വൻ ദുരിതം വിതച്ചിരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 159 പേർ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. 130 പേരെ കാണാതായെന്നും റിപ്പോർട്ടിൽ പറയുന്നു. അരലക്ഷത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Cyclone Michaung approaches Tamil Nadu coast. IMD issues Red Alert for Tamil Nadu, Andhra Pradesh, Puducherry.
Published: 29 Nov 2025, 09:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented