മധുര: സിപിഎം പാർട്ടി കോൺഗ്രസ് മൂന്നാംദിവസത്തിലേക്ക് കടക്കവേ അടുത്ത ജനറൽ സെക്രട്ടറിയെ നിശ്ചയിക്കാനുള്ള ചർച്ച ഊർജിതം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിബി അംഗങ്ങളിൽ ഒരാളെ ജനറൽ സെക്രട്ടറിയാക്കാനാണ് സാധ്യത. അശോക് ധാവ്‌ളെ, എം.എ. ബേബി എന്നിവരെ കേന്ദ്രീകരിച്ചാണ് പ്രധാനചർച്ച.

To advertise here,

ബേബിയോടാണ് പിബി കോഡിനേറ്റർ പ്രകാശ് കാരാട്ടിന് താത്‌പര്യം. കേരള ഘടകം ഇതിനെ പൂർണമായി പിന്തുണയ്ക്കുന്നില്ലെങ്കിലും അശോക് ധാവ്‌ളെയെ എതിർക്കുന്നതിൽ ഒറ്റക്കെട്ടാണ്. എന്നാൽ, ബംഗാൾ ഘടകം കിസാൻസഭ ദേശീയ പ്രസിഡന്റായ അശോക് ധാവ്‌ളെക്കുവേണ്ടി ശക്തമായി രംഗത്തുണ്ട്.

പിബിയിൽ പ്രായപരിധിയിളവ് നൽകേണ്ടതില്ലെന്നാണ് ആദ്യവട്ട ചർച്ചയിലെ പൊതുധാരണ. ജനറൽ സെക്രട്ടറി ഉൾപ്പെടെ 17 അംഗങ്ങളാണ് പിബിയിൽ. പ്രായപരിധി കഴിഞ്ഞവർ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഏഴുപേർ. പിണറായിക്ക് ഇളവേകുന്നതിൽ ചർച്ചതുടരുന്നു. പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി, ജി. രാമകൃഷ്ണൻ, സൂര്യകാന്ത് മിശ്ര എന്നിവർ വിരമിക്കും.

സീതാറാം യെച്ചൂരിയുടെ അഭാവത്തിൽ പാർട്ടിയുടെ ദേശീയമുഖമായി അറിയപ്പെടുന്ന വൃന്ദയെ ജനറൽ സെക്രട്ടറിയാക്കണമെന്ന് കേരളത്തിലേതടക്കം ഒരുവിഭാഗം നേതാക്കൾക്കു താത്‌പര്യമുണ്ട്. പുതിയ നേതാക്കൾക്ക് അവസരമൊരുക്കാൻ പിബിയിൽ പ്രായപരിധി നടപ്പാക്കണമെന്ന് നേരത്തേ ശക്തമായി വാദിച്ചിട്ടുള്ളതിനാൽ താൻ വിരമിക്കുകയാണെന്ന് വൃന്ദ നിലപാടെടുത്തതായാണ് വിവരം.