തിരുവനന്തപുരം: അടിമുടി മാറ്റംവരുത്താതെ പാർട്ടിക്ക് മുന്നേറാനാവില്ലെന്ന സ്വയം വിമർശനവുമായി സിപിഎം പ്രവർത്തനറിപ്പോർട്ട്. പാർലമെന്ററി വ്യാമോഹം അഴിമതിയിലേക്ക് വഴിവെക്കുന്നവിധം മാറിയിരിക്കുന്നു. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെയടക്കം പ്രവർത്തനം പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. പാർട്ടി അംഗത്വത്തിലേക്ക് വരുന്നവരെ ‘ശുദ്ധീകരിച്ച്’ എടുക്കണം. ഇതെല്ലാം ഉൾപ്പെടെ അടിയന്തരമായി ഏറ്റെടുക്കേണ്ട അഞ്ചുദൗത്യങ്ങൾ റിപ്പോർട്ടിൽ എടുത്തുപറയുന്നു.
അടുത്തദിവസം പാർട്ടികോൺഗ്രസിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടാണ് ‘മാതൃഭൂമി’ക്ക് ലഭിച്ചത്.
പാർലമെന്ററി വ്യാമോഹം പാർട്ടിയെ ഒത്തുതീർപ്പിന്റെ പാതയിലേക്ക് നയിക്കുകയാണ്. പാർലമെന്ററി അധികാരം നിലനിർത്താനായി സാധാരണക്കാരുടെ പ്രശ്നങ്ങൾ അവഗണിക്കുകയും ചൂഷകരും മുതലാളികളുമായി ഒത്തുതീർപ്പിലെത്തുകയും ചെയ്യുന്നു. അധികാരത്തിനുവേണ്ടി പ്രാദേശികശക്തികളും സംഘടനകളുമായും സഹകരിക്കുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നില്ലെങ്കിൽ പാർട്ടിയുടെ ശക്തി ചോർന്നുപോകും. അത് ബാധിച്ചുതുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർലമെന്ററി വ്യാമോഹങ്ങൾക്കെതിരായി തിരുത്തൽപ്രക്രിയയ്ക്ക് കേന്ദ്രകമ്മിറ്റി മുൻകൈയെടുക്കണം. കേന്ദ്രകമ്മിറ്റിമുതൽ താഴേക്ക് എല്ലാ തലത്തിലും തിരുത്തൽവേണം. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രവർത്തനവും പരിശോധിക്കണം. ഒാരോ വർഷവും പിബി അംഗങ്ങളുടെ വിലയിരുത്തൽ നടത്തണം. എല്ലാ പാർട്ടി അംഗങ്ങൾക്കും പാർട്ടിവിദ്യാഭ്യാസം ഉറപ്പാക്കണം. മൂന്നുമാസത്തിലൊരിക്കൽ ബ്രാഞ്ച് സെക്രട്ടറിമാർക്കടക്കം പരിശീലനം നൽകാൻ സ്ഥിരംസംവിധാനം ഉണ്ടാക്കണം. യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം ഉയർത്തുന്നതിന് ആസൂത്രിതപ്രവർത്തനം വേണം. മൊത്തം പാർട്ടി അംഗങ്ങളുടെ 25 ശതമാനമെങ്കിലും സ്ത്രീകളും യുവാക്കളും ആയിരിക്കണം. യുവാക്കളുടെ അംഗബലം കൂട്ടണമെന്ന് നിർദേശിക്കുന്ന റിപ്പോർട്ടിൽ ഒരിടത്തും നിലവിലെ പ്രായപരിധിവ്യവസ്ഥയിൽ മാറ്റംവരുത്തേണ്ടതുണ്ടെന്നോ ഇളവുനൽകേണ്ട സാഹചര്യമുണ്ടെന്നോ പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്.
പഴയ പ്രവർത്തനകാഴ്ചപ്പാടുമായി സിപിഎം ഇനിയും മുന്നോട്ടുപോകുന്നതിൽ കാര്യമില്ല. മധ്യവർഗകുടുംബങ്ങളും നഗരജീവിതരീതിയും പാർട്ടിക്ക് ഇനിയും മനസ്സിലായിട്ടില്ല. പഴയകാല പ്രവർത്തനവുമായി മുന്നോട്ടുപോയാൽ തകർച്ചയായിരിക്കും ഫലം. നഗരങ്ങളിലും ജനവാസമേഖലകളിലും ഇറങ്ങിച്ചെല്ലാൻപാകത്തിൽ സംസ്ഥാനകമ്മിറ്റികൾ പ്രവർത്തനരീതി തയ്യാറാക്കണം. പല സംസ്ഥാനഘടകങ്ങളും കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും പ്രായപരിധി കാരണം പിരിയുന്നവർക്ക് ചില സംസ്ഥാനങ്ങൾ ചുമതല നൽകുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlights: cpm party congress 25 madurai report
Published: 02 Apr 2025, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented