ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷം സി.പി.ഐക്ക് ലഭിച്ച സംഭാവനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 266.68% വര്‍ധനയെന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മിഷന് പ്രാദേശിക പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കുകള്‍ വിശകലനം ചെയ്ത് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 7.132 കോടിയാണ് 2022-23 സാമ്പത്തിക വര്‍ഷം സി.പി.ഐക്ക് സംഭാവന ലഭിച്ചത്. തൊട്ടുമുന്‍വര്‍ഷം 1.945 കോടി മാത്രമായിരുന്നു പാര്‍ട്ടിക്ക് ലഭിച്ച സംഭാവന.

To advertise here,

മുസ്ലിം ലീഗിന് 33.46 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. മുന്‍വര്‍ഷം 4.272 കോടി സംഭാവനയായി ലഭിച്ചപ്പോള്‍ 2022-23 വര്‍ഷം 2.84 കോടിയാണ് കിട്ടിയത്. കേരള കോണ്‍ഗ്രസ് എമ്മിന് 48.5 ശതമാനത്തിന്റെ കുറവുണ്ടായയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ച പ്രാദേശിക പാര്‍ട്ടി. 154.03 കോടിയാണ് ബി.ആര്‍.എസിന് ലഭിച്ചത്. 16 കോടി ലഭിച്ച വൈ.എസ്.ആര്‍. കോണ്‍ഗ്രസാണ് രണ്ടാമത്. ടി.ഡി.പിക്ക് 11.92 കോടിയും ലഭിച്ചു.

മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ വര്‍ധനയുണ്ടായത് ഹേമന്ത് സോറന്റെ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്കാണ്. 3685% വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത്. ജെ.ജെ.പിക്ക് 1997.63% വര്‍ധനയും ടി.ഡി.പിക്ക് 1795.69% വര്‍ധനയുമുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയില്‍ മുന്‍സാമ്പത്തിക വര്‍ഷത്തേക്കാള്‍ 368.84% വര്‍ധനയുണ്ടായി.

57 പ്രാദേശിക പാര്‍ട്ടികളുടെ കണക്കുകളാണ് വിശകലനം ചെയ്തത്. ഇതില്‍ 18 പാര്‍ട്ടികള്‍ മാത്രമാണ് കൃത്യസമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷന് കണക്കുകള്‍ ഹാജരാക്കിയത്. 17 പാര്‍ട്ടികള്‍ രണ്ടുമുതല്‍ 164 ദിവസം വരെ വൈകിയാണ് വിവരങ്ങള്‍ കമ്മിഷന് കൈമാറിയത്. മറ്റുള്ള പാര്‍ട്ടികളുടെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമല്ലെന്നും എ.ഡി.ആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.