
തിരുവനന്തപുരം: യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണത്തിന്റെ കാര്യത്തിൽ കടുത്ത നിലപാടിൽ മുസ്ലിം ലീഗ്. അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിൽക്കുന്നതായാണ് വിവരം. 22 എംഎൽഎമാരുള്ളതിനാൽ അഞ്ച് പേർക്ക് ഒരു മന്ത്രി എന്ന കണക്കിൽ അഞ്ച് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്നാണ് ലീഗിന്റെ വാദം.
എന്നാൽ മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രി എന്ന വിഷയം വലിയ വിവാദങ്ങൾക്ക് വഴി വെച്ചതിനാൽ, അഞ്ച് മന്ത്രിസ്ഥാനം നൽകാൻ കഴിയില്ലെന്നും നാല് എണ്ണം മാത്രമേ നൽകാൻ നിർവാഹമുള്ളൂ എന്നുമാണ് കോൺഗ്രസ് നിലപാട്.
ഈ പ്രശ്നം പരിഹരിക്കാനായി ലീഗിന് സ്പീക്കർ സ്ഥാനം വിട്ടുനൽകാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. നാല് മന്ത്രിമാരും ഒരു സ്പീക്കറും എന്ന ഫോർമുലയിൽ ലീഗിനെ അനുനയിപ്പിക്കാനാണ് നീക്കം. കാലങ്ങൾക്ക് ശേഷമാണ് ലീഗിന് സ്പീക്കർ പദവി ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നത്. കേരള ചരിത്രത്തിൽ ഇതുവരെ മൂന്ന് ലീഗ് പ്രതിനിധികൾ മാത്രമാണ് സ്പീക്കറായിട്ടുള്ളത്.
അതേസമയം സ്പീക്കർ സ്ഥാനത്തേക്ക് കോൺഗ്രസ് ആദ്യം പരിഗണിച്ചിരുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണനെ ആയിരുന്നു. എന്നാൽ അദ്ദേഹം മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നതിനാൽ സ്പീക്കർ പദവിയോട് താത്പര്യം കാണിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.
ഏഴ് സീറ്റുകളിൽ ജയിച്ച പി.ജെ. ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് ഒന്നിൽ ഒതുങ്ങാനാണ് സാധ്യത. പകരം അവർക്ക് ഒരു ചീഫ് വിപ്പ് സ്ഥാനം കൂടി നൽകിയേക്കും. ആർഎസ്പി ഒരു മന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. സി.പി ജോൺ, മാണി സി. കാപ്പൻ എന്നിവർക്ക് മന്ത്രിസ്ഥാനം കാലാവധി പങ്കിട്ട് നൽകുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം, ആർഎംപി, സിപിഎം വിട്ടെത്തിയ ജി. സുധാകരൻ അടക്കമുള്ളവർ എന്നിവരെയെല്ലാം എങ്ങനെ ഉൾക്കൊള്ളും, എങ്ങനെ മന്ത്രിസ്ഥാനം വീതിക്കും എന്നതിലും ആശയക്കുഴപ്പമുണ്ട്.
മേയ് 18-ന് സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കുക. മേയ് 21-ന് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും. മേയ് 22-നാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. മേയ് 28-ന് നയപ്രഖ്യാപന പ്രസംഗം. ജൂൺ അഞ്ചിന് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും.
Content Highlights: IUML demands 5 ministerial positions based on 22 MLAs strength., Congress offers the Speaker position to IUML to resolve the standoff., Proposed cabinet schedule includes oath-taking on May 18, 2026., Budget presentation by VD Satheesan government scheduled for June 5, 2026., Negotiations ongoing with PJ Joseph faction, RSP, and other allies.
Published: 15 May 2026, 09:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented