പൂനെ: പൂനെയിലെ ബലേവാഡിയില്‍ എഴുപതു വയസ്സുകാരനായ കോവിഡ് രോഗി ഐസൊലേഷനില്‍നിന്നു രക്ഷപ്പെട്ടു. വീട്ടിലേക്ക് പോവാനായി 17 കിലോ മീറ്ററോളം ഇയാള്‍ നടന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

To advertise here,

തദ്ദേശ സ്വയംഭരണ സ്ഥാപനം സജ്ജീകരിച്ച ക്വാറന്റൈന്‍ സംവിധാനത്തിലായിരുന്നു ഇയാള്‍. എന്നാല്‍ കഴിഞ്ഞ ദിവസം ആരോടും പറയാതെ ഇയാള്‍ ഇവിടെനിന്നു രക്ഷപ്പെട്ടു. എന്നാല്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഐസൊലേഷനില്‍നിന്നു രക്ഷപ്പെട്ടത് എന്നാണ് ഇയാളുടെ വാദം. അധികൃതര്‍ ഐസോലേഷനില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് നല്ല ശുചിമുറിയോ താമസസൗകര്യമോ ഇല്ലെന്നും ഇയാള്‍ ആരോപിച്ചു.   

കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീട്ടിനുള്ളില്‍ കയറാന്‍ സാധിക്കാതെ വീടിനു മുന്നില്‍ അവശനായിരിക്കുന്ന രോഗിയെക്കുറിച്ച് അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ എത്തിയതും ഇയാളെ തിരിച്ചുകൊണ്ടുപോയതും. എന്നാല്‍ ഐസോലേഷന്‍ സെന്ററുമായി ബന്ധപ്പെട്ടപ്പോള്‍ കോവിഡ് രോഗി രക്ഷപ്പെട്ട വിവരം അറിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. 

ഏപ്രില്‍ 25-നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ മകനും രോഗം സ്ഥിരീരിച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 

Content Highlights: COVID-19 Patient, 70, Flees Isolation Facility, Walks 17 km To Reach Home