ന്യൂഡൽഹി: 'ഒരു രാഷ്ട്രപതി അർഹിക്കുന്ന ബഹുമാനം തനിക്ക് ലഭിച്ചില്ലെന്ന് ഗ്യാനി സെയില്‍ സിങ്ങിന് തോന്നിയിരുന്നു. എന്താണ് താങ്കൾക്ക് പറയാനുള്ളത്?' മുന്നിലിരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി സാക്ഷാൽ രാജീവ് ഗാന്ധിയോട്‌ മാധ്യമപ്രവർത്തകൻ വീർ സങ്‌വി ചോദിച്ചു. 

'ഉത്തരം പറയാൻ ഒരു സാധ്യതയുമില്ല. എന്തെങ്കിലും പറഞ്ഞ് ഒഴിയാനാണ് സാധ്യത', സങ്‌വി കരുതി. എന്നാൽ രാജിവ് പറഞ്ഞു തുടങ്ങി...

'പ്രസിഡന്റ് അർഹിക്കുന്ന ബഹുമാനമോ?! സെയില്‍ സിങ്ങിന് ഒരു ആഗ്രഹം മാത്രമേ ഉള്ളൂ. അടുത്ത തവണയും തുടരണം. എന്നാൽ ഞങ്ങൾ അത് നൽകാൻ പോകുന്നില്ല. അധികാരത്തിനുവേണ്ടിയാണ് സെയില്‍ സിങ് ഓരോ പ്രശ്‌നങ്ങളുണ്ടാക്കുന്നത്, രാജീവ് തുറന്നു പറഞ്ഞു.'

ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഭരണകാലത്ത് രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയില്‍ സിങ്ങിനോടുള്ള തന്റെ വിയോജിപ്പുകളും അനിഷ്ടങ്ങളും അദ്ദേഹം ആ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. സെയില്‍ സിങ്ങിനെ ഇന്ത്യൻ രാഷ്ട്രപതിയായി നിയമിച്ചത് ഇന്ദിരാഗാന്ധിക്ക് സംഭവിച്ച തെറ്റാണെന്നും രാജിവ് ഗാന്ധി സമ്മതിച്ചിരുന്നതായും മാധ്യമപ്രവർത്തകൻ വീർ സംഘ്‌വി 'എ റൂഡ് ലൈഫ്' എന്ന തന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നു. സംഘ്‌വിയുടെ ഓർമ്മക്കുറിപ്പുകളടങ്ങുന്ന പുസ്തകം അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ഖലിസ്ഥാൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പഞ്ചാബിൽ നടന്ന കലാപങ്ങളിൽ സമാധാന ശ്രമങ്ങൾക്കുള്ള സർക്കാരിന്റെ നീക്കങ്ങളെ താറുമാറാക്കിയത്  ഗ്യാനി സെയില്‍ സിങ് ആണെന്നും അതിന് തന്റെ പക്കൽ തെളിവുകളുണ്ടെന്നും രാജീവ് ഗാന്ധി തന്നോട് പറഞ്ഞതായി വീർ സങ്‌വി പറയുന്നു. 

'ഓരോ തവണയും സമാധാന ചർച്ചകൾക്കെത്തുന്ന പഞ്ചാബിലെ നേതാക്കളുടെ പ്രശ്‌നങ്ങളിൽ സർക്കാർ പരിഹാരം കാണും. എല്ലാം സമ്മതിച്ച് മടങ്ങുമ്പോൾ രാഷ്ട്രപതി ഭവനിൽ നിന്ന് അവർക്ക് സെയില്‍ സിങിന്റെ ഫോൺ കോൾ എത്തും. 'തീരുമാനങ്ങൾ അംഗീകരിക്കരുത്. സർക്കാരിൽ നിന്ന് നിങ്ങൾക്ക് ഇനിയും കിട്ടും.' എന്നായിരിക്കും സെയില്‍ സിങ്ങിന്റെ ഉപദേശം. ഒടുവിൽ പഞ്ചാബ് പ്രശ്‌നപരിഹാരത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് അമ്മ (ഇന്ദിരാഗാന്ധി) അവസാനിപ്പിച്ചു.  രാഷ്ട്രപതി ഭവനിലിരുന്ന് പഞ്ചാബ് രാഷ്ട്രീയം കളിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്'

പ്രധാനമന്ത്രിമാർ തങ്ങളുടെ വിദേശയാത്രകളെപ്പറ്റി രാഷ്ട്രപതിയുമായി ചർച്ചചെയ്യുന്ന കീഴ്വഴക്കം രാജിവ് ഗാന്ധി അവസാനിപ്പിച്ചെന്ന സെയില്‍ സിങ്ങിന്റെ ആരോപണത്തോടും രാജിവ് ശക്തമായി പ്രതികരിച്ചെന്ന് സങ്‌വിയുടെ പുസ്തകത്തിൽ വിശദമാക്കുന്നു.

"വിദേശയാത്രകളെപ്പറ്റി പറയാനോ! എവിടെ പോയാലും അയാൾ എന്തെങ്കിലും പ്രശ്‌നങ്ങൾ ഒപ്പിക്കും. ആ മനുഷ്യൻ നമ്മളെ നാണംകെടുത്തിക്കളയും. ഒരിക്കൽ ബംഗ്ലാദേശിൽ പോയപ്പോൾ ഖാലിദ സിയയും ഷെയ്ക്ക് ഹസീനയും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥനാകാമെന്ന് പറഞ്ഞു. അതുകേട്ട് ഞെട്ടി. അവർ ഞങ്ങളുമായി ബന്ധപ്പെട്ടു. ബംഗ്ലാദേശിന്റെ ആഭ്യന്തരകാര്യത്തിൽ ഇടപെടാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. അദ്ദേഹം ഒരു നല്ല മനസ്സുള്ള വ്യക്തിയാണെന്നും സഹായമനോഭാവം കൊണ്ടാണ് അങ്ങനൊക്കെ പറയുന്നതെന്നും ഇത് ഇന്ത്യയുടെ നയമല്ലെന്നും പറയേണ്ടിവന്നു.' 

'സെയില്‍ സിങ് വിദേശത്താണെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിൽ ആരും ഉറങ്ങാറില്ല. കാരണം അദ്ദേഹം എന്താണ് പറയുന്നതെന്നോ ചെയ്യുന്നതെന്നോ അറിയാൻ പറ്റില്ല', രാജീവ് ഗാന്ധി പറഞ്ഞതായി പുസ്തകത്തില്‍ സങ്‌വി വ്യക്തമാക്കുന്നു.

Content Highlights: Rajiv Gandhi expressed his strong disagreements and dislikes with Giani Zail Singh