ഭോപ്പാല്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതോടെ കോവിഡ് 19 ന്റെ നാശത്തിന് തുടക്കമാകുമെന്ന് മധ്യപ്രദേശ് പ്രോട്ടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ.

'പണ്ടുകാലത്ത് മനുഷ്യരാശിയുടെ ക്ഷേമത്തിനും ദുഷ്ടന്മാരെ നിഗ്രഹിക്കുന്നതിനുമായി രാമന്‍ പുനര്‍ജന്മം എടുത്തിരുന്നു. രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതോടെ കോവിഡ് മഹാമാരിയുടെ നാശവും ആരംഭിക്കും.' ശര്‍മ പറയുന്നു.

ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ഭൂമിപൂജ നടക്കുമെന്ന് കഴിഞ്ഞ ദിവസം രാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ചടങ്ങെന്നും ചടങ്ങില്‍ ഇരുന്നൂറില്‍ താഴെ ആളുകള്‍ പങ്കെടുക്കുമെന്നും ട്രസ്റ്റ് അറിയിച്ചിരുന്നു. 

ചടങ്ങുകള്‍ തത്സമയം വീക്ഷിക്കുന്നതിനായി ഭക്തജനങ്ങള്‍ക്കായി അയോധ്യയുടെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

Content Highlights:construction of the Ram Mandir in Ayodhya would end the corona virus pandemic says Rameshwar Sharma