ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനതയുടെ ചെലവില്‍ 'ബ്രാഹ്‌മണര്‍' ലാഭംകൊയ്യുന്നെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവിന്റെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസ്. പീറ്റര്‍ നവാരൊയുടെ പ്രസ്താവന, വസ്തുതാപരമായി ശരിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു.
റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങലിലൂടെ ബ്രാഹ്‌മണര്‍ക്ക് നേട്ടമുണ്ടാകുന്നുവെന്ന പീറ്റര്‍ നവാരൊയുടെ പരാമര്‍ശത്തോട് തനിക്ക് പൂര്‍ണമായും യോജിപ്പാണെന്ന് ഉദിത് രാജ് പറഞ്ഞു. ഉയര്‍ന്ന ജാതിക്കാരാണ് ഇന്ത്യയില്‍ കൂടുതലും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ നടത്തുന്നത്. അവര്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നു, ശുദ്ധീകരിക്കുന്നു, ഉയര്‍ന്നവിലയ്ക്ക് അത് വില്‍ക്കുന്നു. സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് ഇതില്‍നിന്ന് ലാഭമുണ്ടാകുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പിന്നാക്ക ജാതിക്കാര്‍ക്കും ദളിതര്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ 100 വര്‍ഷം വേണ്ടിവരുമെന്നും ഉദിത് രാജ് പറഞ്ഞു. ആഴത്തില്‍ വേരൂന്നിയ വിവേചനംമൂലം രാജ്യത്തെ പിന്നാക്ക ജാതിക്കാര്‍ക്കും ദളിതര്‍ക്കും അടുത്ത 100 വര്‍ഷത്തിനുള്ളില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. നവാരോ പറഞ്ഞത് വസ്തുതാപരമായി ശരിയാണ്, അത് ആര്‍ക്കും നിഷേധിക്കാനാവില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മികച്ച നേതാവാണെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ ഇന്ത്യന്‍ നേതാവ് എങ്ങനെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും സഹകരിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും പീറ്റര്‍ നവാരൊ പറഞ്ഞിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യന്‍ ജനത ദയവായി മനസ്സിലാക്കുക. ബ്രാഹ്‌മണര്‍ ഇന്ത്യന്‍ ജനതയെ ചൂഷണംചെയ്ത് ലാഭംകൊയ്യുന്നു. നമ്മള്‍ അത് നിര്‍ത്തേണ്ടതുണ്ട്, എന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പീറ്റര്‍ നവാരൊ പറഞ്ഞു.
ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ നേതാവാണ് ഉദിത് രാജ്. 2014-19 കാലത്ത് ബിജെപി എംപിയായി നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയെ പ്രതിനിധീകരിച്ചിരുന്നു.
Content Highlights: congress leader udit raj supports peter navarro brahmin jab
Published: 01 Sept 2025, 06:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented