അറസ്റ്റിന്റെ അലയൊലി ബുധനാഴ്ച പാര്ലമെന്റില് മുഴങ്ങും

ന്യൂഡൽഹി: പരീക്ഷാക്രമക്കേടുകൾ സൃഷ്ടിച്ച 'ജെൻ സീ'കളുടെ നിരാശ അവഗണിച്ചുതള്ളാനാവില്ലെന്ന് ഒറ്റദിവസംകൊണ്ട് ബോധ്യപ്പെട്ടതോടെ, മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും 'പാറ്റ'കൾക്ക് പിന്തുണയുമായി തെരുവിലിറങ്ങി.
ഇതോടെ കോക്രോച്ച് ജനതാപാർട്ടി തുടക്കമിട്ട വിദ്യാർഥിപ്രക്ഷോഭത്തിന്റെ രാഷ്ട്രീയമാനം മാറുകയാണ്. പരീക്ഷാക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി (സി.ജെ.പി.) ആരംഭിച്ച സമരം ഒരുമാസം പിന്നിടുമ്പോഴാണ് ബി.ജെ.പി സർക്കാരിനെ തീർത്തും പ്രതിരോധത്തിലാക്കുന്ന നിർണായക വഴിത്തിരിവ്. ഇതിന് നിമിത്തമായത് കഴിഞ്ഞദിവസത്തെ പാർലമെന്റ് മാർച്ചും അതിലേക്കൊഴുകിയെത്തിയ പതിനായിരങ്ങളുടെ സ്വാഭാവികപ്രതിഷേധവുമാണ്.
പാർലമെന്റിന്റെ വർഷകാലസമ്മേളനം പുരോഗമിക്കവേ, ചെറുപാർട്ടികളെ പിളർത്തിയും മറ്റും കരുത്ത് കൂട്ടി ആത്മവിശ്വാസമുയർത്തുന്ന ബി.ജെ.പി.ക്ക് ഇത് കാണാനാകാതെ പോയത് വലിയ പിഴവാകുന്നു. ബംഗാൾ വിജയം നൽകിയ ആത്മവീര്യത്തിൽ 'രാഷ്ട്രീയ ബുൾഡോസർ' പ്രയോഗങ്ങൾ ശക്തിപ്പെടുത്തിയ ബി.ജെ.പി.ക്കും മോദിസർക്കാരിനും ഇത് അപ്രതീക്ഷിതമായ പ്രഹരം. അതിനെ മറികടക്കാൻ ഇനി നന്നായി വിയർപ്പൊഴുക്കേണ്ടിവരും. പശ്ചിമബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുശേഷം ദുർബലമായിപ്പോയ ഇന്ത്യസഖ്യത്തിന് പുതുവീര്യം പകരുന്നതാണ് പുതിയ സംഭവവികാസങ്ങൾ. രാഹുൽഗാന്ധിയടക്കമുള്ളവരുടെ അറസ്റ്റിന്റെ അലയൊലി ബുധനാഴ്ച പാർലമെന്റിൽ മുഴങ്ങുമെന്നുറപ്പാണ്.
ഒടുവിൽ കോൺഗ്രസും കണ്ണുതുറന്നു
ജന്തർമന്തറിലെ സമരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ അനുദിനം ശക്തിപ്രാപിച്ചപ്പോൾ ഇന്ത്യാസഖ്യത്തിലെ കോൺഗ്രസ് ഒഴിച്ചുള്ള പാർട്ടികളെല്ലാം പിന്തുണയുമായെത്തിയിരുന്നു. കോൺഗ്രസിൽനിന്ന് വക്താവ് പവൻഖേര മാത്രമാണ് ഒരു തവണ സമരപ്പന്തലിൽ വാങ്ചുക്കിനെ കാണാനെത്തിയത്. മറ്റ് ദേശീയ നേതാക്കൾ അതുവഴി പോയതേയില്ല. ഛാത്രോം കീ ഗൂഞ്ച് (വിദ്യാർഥികളുടെ ശബ്ദം) പ്രചാരണപരിപാടിയിലൂടെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വേറിട്ട സമരപാതയിലായിരുന്നു. സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ മാത്രമാണ് രാഹുൽ പ്രതിഷേധപ്രസ്താവനയിറക്കിയത്. എന്നാൽ, സി.ജെ.പി.യുടെ പ്രതിഷേധമാർച്ചിലേക്കൊഴുകിയെത്തിയ വിദ്യാർഥിപ്രവാഹം മുഖ്യധാരാ പാർട്ടികളുടെ കണ്ണ് തുറപ്പിച്ചു. സമരത്തെ അവഗണിക്കരുതെന്ന ഇന്ത്യസഖ്യത്തിലെ ഇടതുപാർട്ടികളുടെയും സമാജ് വാദിയുടെയും ആവശ്യത്തിനുമുന്നിൽ ഒടുവിൽ കോൺഗ്രസ് വഴങ്ങി.
Content Highlights: The CJP-led student protest has entered its second month, demanding the resignation of Education Minister Dharmendra Pradhan., Congress has officially joined the protest movement following massive student turnout at the Parliament March., The movement has revitalized the India alliance after recent setbacks in West Bengal and Tamil Nadu assembly elections., The political landscape is shifting as the protest gains national momentum during the parliamentary monsoon session.
Published: 22 Jul 2026, 06:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented