ന്യൂഡൽഹി: ജെൻസീയുമായി കൂടുതൽ അടുക്കാനും അവരിലേക്ക് ഇറങ്ങിച്ചെല്ലാനും കോൺഗ്രസ്. പുതുതായി രൂപംകൊണ്ട സി.ജെ.പി., വിദ്യാർഥികളിലും യുവാക്കളിലും നേടിയെടുത്ത സ്വാധീനം പാർട്ടി ഗൗരവമായി കാണുന്നു. സി.ജെ.പി. സ്വാധീനത്തെ മറികടക്കുന്ന ഇടപെടലുകളുമായി അവരെ ചേർത്തുനിർത്താനുള്ള ശ്രമങ്ങൾക്ക് പ്രാധാന്യം നൽകുകയാണ് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.

To advertise here,

ജൂലായ് 20-ന് സി.ജെ.പി. പ്രക്ഷോഭത്തിൽ പങ്കെടുക്കവേ പെല്ലറ്റ് ആക്രമണത്തിൽ ശരീരമാസകലം പരിക്കേറ്റ സാഹിൽ ലോച്ചാബിന്റെ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാൻ തയ്യാറാകാത്ത ഡൽഹി പോലീസ് നടപടിക്കെതിരേ രാഹുൽഗാന്ധി നടത്തിയ ഇടപെടൽ രാജ്യശ്രദ്ധ നേടിയിരുന്നു. പരിക്കേറ്റ വിദ്യാർഥികൾ ഏതു സംഘടനയിൽ പ്രവർത്തിക്കുന്നു എന്നുനോക്കാതെ അവർക്കൊപ്പം നിൽക്കുമെന്ന സന്ദേശമാണ് ഇതിലൂടെ രാഹുലും കോൺഗ്രസും നൽകിയത്.

ആലോചിച്ചുറച്ച രാഷ്ട്രീയസമീപനത്തിന്റെ ഭാഗമായിരുന്നു രാഹുലിന്റെ ഈ നീക്കം. പെല്ലറ്റ് പ്രയോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിലെത്തി മറുപടി പറയണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ മുഴുവൻ കോൺഗ്രസ് പ്രതിഷേധം ഉയർത്തിയതും ഈ കാഴ്ചപ്പാടിലാണ്.

ഇന്ത്യയിൽ ഏറ്റവും പ്രാധാന്യം നൽകേണ്ട ശക്തിയാണ് ജെൻസീയെന്ന് പ്രതിപക്ഷനേതാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രക്ഷോഭത്തിൽ പെൺകുട്ടികളുടെ പങ്കിനെയും തുടക്കംമുതൽ രാഹുൽ എടുത്തുപറയുന്നു. ശനിയാഴ്ച പുണെയിൽ നടന്ന ഛാത്രോം കീ ഗൂഞ്ചിൽ പെൺകുട്ടികളുമായിട്ടായിരിക്കും സംവാദമെന്നും രാഹുൽ നേരത്തേ വ്യക്തമാക്കിയിരുന്നു. പുണെയിലെ സംവാദത്തിൽ മനുസ്മൃതിയെ കടന്നാക്രമിച്ചതും ശ്രദ്ധേയമാണ്. ഉത്തർപ്രദേശിലും മറ്റും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ, രാഷ്ട്രീയപ്രതിയോഗികൾ തന്റെ പരാമർശം എങ്ങനെ ഉപയോഗിക്കുമെന്ന ധാരണ രാഹുലിനുണ്ട്.

സംവദിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ സാമൂഹികസമ്മർദശക്തിയായ യുവജനങ്ങളോടും പ്രത്യേകിച്ച് പെൺകുട്ടികളോടുമാണെന്ന ബോധ്യത്തിലാണ് ഇത്തരം പരാമർശങ്ങൾ. അടുത്തിടെ ‘ആസ്‌ക് മി എനിതിങ്’ (എന്നോട് എന്തും ചോദിക്കാം) എന്നപേരിൽ രാഹുൽ ഇൻസ്റ്റഗ്രാം സംവാദം തുടങ്ങിയിരുന്നു. ജെൻസീക്ക് തുറന്ന് ഇടപെടാൻകഴിയുന്ന നേതാവ് എന്ന പ്രതിച്ഛായ തന്നെയാണ് രാഹുൽ ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.