ന്യൂഡൽഹി: പ്രതിഷേധങ്ങളെല്ലാം ഒറ്റലക്ഷ്യത്തിൽ മാത്രമെന്ന് രാഹുൽഗാന്ധി. ഇന്ത്യസഖ്യത്തിന്റേത് അനിവാര്യവും സുപ്രധാനവുമായ പ്രതിഷേധമെന്ന് അഭിജീത് ദീപ്കെ. ഈ പ്രഖ്യാപനങ്ങൾക്കിടയിലും കോക്രോച്ച് ജനതാപാർട്ടിയെ (സി.ജെ.പി) ഒരു കൈപ്പാടകലെ നിർത്തിയിരിക്കുകയാണ് കോൺഗ്രസും രാഹുൽഗാന്ധിയും.
ഒരു രാഷ്ട്രീയപ്പാർട്ടിയുടെ രൂപമോ ഭാവമോ ഇല്ലാതെ ഉടലെടുത്ത സി.ജെ.പി. ജൂലായ്മുതൽ ഉയർത്തിവിട്ട സ്വാധീനം രാജ്യത്തെ എല്ലാ പ്രതിഷേധരൂപങ്ങളിലും പ്രകടമായിട്ടും അവരോടുള്ള കോൺഗ്രസിന്റെ തന്ത്രപരമായ അകലം രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയാവുകയാണ്. രാഹുൽഗാന്ധിപോലും കുറെക്കൂടി ആക്രമണോത്സുക സമരമുറയിലേക്ക് നീങ്ങിയതും പ്രതിപക്ഷപാർട്ടികളെയൊന്നാകെ അതിലേക്കദ്ദേഹം ആനയിച്ചതും സി.ജെ.പി. സമരസ്വാധീനത്താലാണ്. ഇപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാറിനെതിരായ പ്രക്ഷോഭത്തിൽ മുഖ്യധാരാ പ്രതിപക്ഷത്തിനപ്പുറത്തേക്ക് കടന്നുചെന്ന് പൗരാവകാശ, സാമൂഹികപ്രവർത്തക കൂട്ടായ്മയെ ഒരുക്കിയെടുക്കാൻ രാഹുലിനെയും കോൺഗ്രസിനെയും പ്രേരിപ്പിച്ചതും മറ്റൊന്നല്ല.
‘ജെൻസീ’കൾ സജീവമായി ഇടപെടുന്ന നവമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സ് സി.ജെ.പി.ക്കാണ്. ഇടതുപാർട്ടികളും തൃണമൂൽ കോൺഗ്രസുമുൾപ്പെടെയുള്ള കക്ഷികളും ഈ സ്വാധീനശക്തി തിരിച്ചറിഞ്ഞാണ് സി.ജെ.പി.ക്കൊപ്പം നിൽക്കുന്നത്. ഇന്ത്യസഖ്യത്തിന്റെ ഭാഗമായിരിക്കുമ്പോഴും സി.ജെ.പി.യടക്കമുള്ള എല്ലാ സാമൂഹിക, പൗരാവകാശ സംഘടനകളെയും ഒപ്പം ചേർക്കണമെന്നാവശ്യപ്പെടുന്നവരാണ് സി.പി.എം. ഒക്ടോബർ പത്തിന്റെ സമരഫലമായിട്ടാണെങ്കിലും ഇതിലേക്കിപ്പോൾ രാഹുൽഗാന്ധിയുമെത്തിയെന്നതാണ് ശ്രദ്ധേയമാറ്റം.
അപ്പോഴും സി.ജെ.പി.യെ വിളിപ്പാടകലെ നിർത്തുന്നത്, പാറ്റപ്പാർട്ടിയുടെ പിറവിയുടെ ഉദ്ദേശ്യശുദ്ധിയിലുള്ള വിശ്വാസക്കുറവാണെന്നാണ് വിലയിരുത്തൽ. ആം ആദ്മി പാർട്ടിയുടെ ഉപോത്പന്നമാണിവരെന്നും ബി.ജെ.പി. ഇതിനെ ഉപകരണമാക്കിയേക്കാമെന്നും കോൺഗ്രസ് സംശയിക്കുന്നു. അസമിൽ ഈയിടെ അറസ്റ്റിലായ സി.ജെ.പി. പ്രവർത്തകർക്കായി കോൺഗ്രസ് നിലകൊണ്ടിരുന്നു. എന്നാൽ, കോൺഗ്രസ് നേതാക്കളുമായി സൗഹൃദകൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം നിരസിച്ച സി.ജെ.പി. കോ-കൺവീനർ അശുതോഷ് റാങ്കയുടെ സമീപനവും സംശയങ്ങളെ ബലപ്പെടുത്തുന്നുണ്ട്.
ബി.ജെ.പി. സർക്കാരിന്റെ ചെയ്തികളെ തുറന്നുകാട്ടുന്ന യുറ്റ്യൂബർ ധ്രുവ് റാഠിയടക്കം സി.ജെ.പി.ക്കൊപ്പം പൊതുവിഷയമായ എസ്.ഐ.ആർ.വിരുദ്ധ പ്രക്ഷോഭത്തിൽ ഒരുമിക്കുമ്പോൾ കോൺഗ്രസിന്റെ വിരുദ്ധസമീപനം തുടരണോയെന്ന ചോദ്യമുയരുന്നുണ്ട്. ഡൽഹിപ്രക്ഷോഭത്തിൽ പ്രസക്തി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്ന സി.ജെ.പി.യാകട്ടെ, പരസ്പരം പോരടിക്കാതെ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടത്തിൽ ഒരുമിച്ചുനിൽക്കണമെന്ന് ചൊവ്വാഴ്ച ആഹ്വാനംചെയ്തു. ജന്തർമന്തറിൽ അതിക്രമിച്ചുകടന്നതിന് സി.ജെ.പി. നേതാക്കൾക്കതിരേ ഡൽഹി പോലീസ് കേസ് രജിസ്റ്റർചെയ്തു. രാത്രിവൈകിയും നേതാക്കൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
Content Highlights: Rahul Gandhi and the Congress party are maintaining a strategic distance from the newly emerged Cockroach Janata Party (CJP)., Despite CJP's growing influence on youth and digital platforms, Congress doubts their origins and intent
Published: 14 Oct 2026, 04:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented