
ന്യൂഡൽഹി: പാത്രിയാര്‍ക്കീസിന്റെ പരമാധികാരം അംഗീകരിക്കുന്ന വൈദികര്‍ക്കു മുന്നില്‍ കുമ്പസാരിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭാ അംഗങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. കുമ്പസാര രഹസ്യം ബ്ലാക് മെയ്‌ലിങ്ങിനും, ലൈംഗിക പീഡനങ്ങൾക്കും ഉപയോഗിക്കുന്ന വൈദികർക്ക് മുന്നിൽ കുമ്പസരിക്കേണ്ട സാഹചര്യം ആണിപ്പോൾ എന്നും യാക്കോബായ സഭാ വിശ്വാസികൾ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. എന്നാൽ മലങ്കര സഭാ തർക്കവും ആയി ബന്ധപ്പെട്ട ഹർജി ആദ്യം പരിഗണിക്കേണ്ടത് കേരള ഹൈക്കോടതി ആണെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം കുമ്പസാരം ഒഴുവാക്കാൻ ആകാത്ത മതാചാരം ആണെന്ന് സുപ്രീം കോടതിയിൽ അഞ്ച് യാക്കോബായ വിശ്വാസികൾ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ തങ്ങൾക്ക് വിശ്വാസം ഇല്ലാത്ത വൈദികർക്ക് മുന്നിൽ കുമ്പസാരിക്കേണ്ട സാഹചര്യം ആണ്. കുമ്പസാര രഹസ്യം ഉപയോഗിച്ച് ബ്ലാക് മെയിലിംഗും ലൈംഗീക പീഡനവും നടത്തിയതിന് നിരവധി കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനാൽ തങ്ങൾ തിരഞ്ഞെടുക്കുന്ന വൈദികർക്ക് മുന്നിൽ കുമ്പസരിക്കാൻ അവസരം ഒരുക്കണം എന്നാണ് ഹർജിയിലെ ആവശ്യം.
മലങ്കര സഭാ ഭരണഘടനയും ആയി ബന്ധപ്പെട്ട് ജസ്റ്റിസ് ബി. പി. ജീവൻ റെഡ്‌ഡി ഉൾപ്പെട്ട ബെഞ്ച് 1995 ൽ പുറപ്പടിവിച്ച വിധിയും, 2017 ൽ ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് പുറപ്പടിവിച്ച വിധിയിലും ചില വൈരുധ്യങ്ങൾ ഉണ്ട്. അതിനാൽ മലങ്കര സഭ വിശ്വാസികൾക്ക് കുമ്പസാരം ചെയ്യുന്നതിനുള്ള അവകാശം സംബന്ധിച്ച വിഷയം സുപ്രീം കോടതി വിശദമായി കേൾക്കണം എന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജർ ആയ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യപ്പെട്ടു. ഭരണഘടനയുടെ 25 ആം അനുച്ഛേദ പ്രകാരം ഉള്ള ആരാധന സ്വാതന്ത്ര്യത്തിൽ കോടതിക്ക് എത്രത്തോളം ഇടപെടാൻ കഴിയും എന്നതിനെ സംബന്ധിച്ച് ശബരിമല വിഷയം പരിഗണിക്കുന്ന ഒൻപത് അംഗ ബെഞ്ചിന്റെ പരിഗണനയിൽ ആണെന്നും റോത്തഗി ചൂണ്ടിക്കാട്ടി.
എന്നാൽ ഓർത്തോഡോക്സ്- യാക്കോബായ തർക്കം ആണ് ഹർജിക്ക് പിന്നിൽ എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജർ ആയ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. മലങ്കര സഭാ തർക്കത്തെ കുറിച്ച് എല്ലാം അറിയുന്ന കേരള ഹൈക്കോടതി ആണ് ഹർജി പരിഗണിക്കേണ്ടത് എന്നും അറ്റോർണി ജനറൽ കോടതിയിൽ അഭിപ്രായപ്പെട്ടു. നിർബന്ധിത കുമ്പസാരവും ആയി ബന്ധപ്പെട്ട് ഉന്നയിക്കുന്ന വിഷയങ്ങൾ വ്യക്തിപരവും ഒറ്റപെട്ടതും ആകാം എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. തുടർന്ന് ആണ് ഹർജി ഭേദഗതി ചെയ്ത് നൽകാൻ അനുവദിക്കണം എന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചത്.
എറണാകുളം സ്വദേശിനികൾ ആയ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശിനി ലാലി ഐസക്, കോട്ടയം സ്വദേശിനി ബീന ജോണി, തൊടുപുഴ സ്വദേശിനി ആനീ മാത്യു എന്നിവരാണ് നിർബന്ധിത കുമ്പസാരത്തിന് എതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.
ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934 ലെ സഭ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഓർത്തോഡോക്സ് സഭാ അംഗങ്ങൾ ആയ മാത്യു ടി. മാത്തച്ചൻ, സി.വി. ജോസ് എന്നിവർ നൽകിയ ഹർജിയിൽ സുപ്രീം കോടതി കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു.
Published: 08 Jan 2021, 01:39 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented