തിരുവമ്പാടി: 40 വർഷംമുൻപ് രണ്ടുേപരെ താൻ കൊന്നുവെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ ഒരുവർഷംനീണ്ട അന്വേഷണത്തിനൊടുവിൽ വഴിത്തിരിവ്. 14-ാം വയസ്സിൽ തിരുവന്പാടി കൂടരഞ്ഞിയിൽവെച്ച് മുഹമ്മദലി കൊലചെയ്തത് കണ്ണൂർ കുടിയാന്മല പൊട്ടൻപ്ലാവ് പടിക്കാപമ്പിൽ രാഘവന്റെ മകൻ മോഹനനെ ആണെന്ന് തിരുവമ്പാടി ഇൻസ്പെക്ടർ കെ. പ്രശാന്തിന്റെ നേതൃത്വത്തിൽനടന്ന അന്വേഷണത്തിൽ കണ്ടെത്തി. ശാസ്ത്രീയതെളിവുകൾ ഒന്നുമില്ലാത്ത കേസിൽ സഹോദരിയടക്കമുള്ള ബന്ധുക്കളുടെയും മറ്റും മൊഴിയുടെ അടിസ്ഥാനത്തിലാണ് മരിച്ചത്‌ മോഹനനാണെന്ന്‌ സ്ഥിരീകരിക്കുന്നത്.

To advertise here,

മുഹമ്മദലി വെളിപ്പെടുത്തൽ നടത്തിയത് ഒരുവർഷം മുൻപാണെങ്കിലും ഏതാനുംമാസം മുൻപാണ് മോഹനന്റെ ബന്ധുക്കൾ തിരുവന്പാടി പോലീസിനെ ബന്ധപ്പെടുന്നത്. തുടർന്ന് ഇൻസ്പെക്ടർ അവിടെയെത്തി അന്വേഷണംനടത്തി. മോഹനൻ കൂടരഞ്ഞിയിൽ ജോലിക്കുപോയത്, പിന്നീട് അവിടെവെച്ച് വെള്ളത്തിൽവീണു മരിച്ചത്, അച്ഛന്റെ സഹോദരൻ വിവരമറിഞ്ഞ് സ്റ്റേഷനിൽപ്പോയത്, ഫോട്ടോകണ്ട് മോഹനനാണ് മരിച്ചതെന്ന്‌ അന്ന്‌ സ്ഥിരീകരിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിനിടെ സഹോദരി രാധ പോലീസിനോടു വെളിപ്പെടുത്തി. മോഹനൻ കൂടരഞ്ഞിയിൽ ജോലിക്കുപോയപ്പോൾ വെള്ളത്തിൽവീണ് മരിച്ചത് ബന്ധുക്കൾക്ക് അറിയാമെങ്കിലും കൊല്ലപ്പെട്ടതാണെന്ന് ഇപ്പോഴാണ് വ്യക്തമായത്. അന്ന് ഒന്നരവർഷം കഴിഞ്ഞാണ് മോഹനൻ മരിച്ചവിവരം ബന്ധുക്കൾ അറിയുന്നത്. അതിനുമുൻപേ അജ്ഞാതമൃതദേഹമായി അടക്കംചെയ്തിരുന്നു.

1986-ൽ നടന്ന സംഭവമായതിനാൽ മോഹനന്റെ മരണവുമായി ബന്ധപ്പെട്ട് ഇൻക്വസ്റ്റ് റിപ്പോർട്ട് മാത്രമാണ് പോലീസിനു ലഭിച്ചത്. അപസ്മാരമുണ്ടായിരുന്ന ആളുടേത് സ്വാഭാവികമരണമായേക്കുമെന്നാണ് മരണസമയത്ത് ആളുകൾ പറഞ്ഞിരുന്നത്. ശ്വാസകോശത്തിൽ ചെളിയും വെള്ളവും കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

1986 ഡിസംബറിൽ 14-ാം വയസ്സിൽ കൂടരഞ്ഞിയിലും 1989-ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്തും താൻ രണ്ടു കൊലപാതകങ്ങൾ നടത്തിയെന്നാണ് മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ തൈപറമ്പിൽ മുഹമ്മദലി (57) കഴിഞ്ഞവർഷം വേങ്ങര പോലീസ് സ്റ്റേഷനിലെത്തി ഏറ്റുപറഞ്ഞത്. തുടർന്ന് എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് പ്രതിയെ റിമാൻഡ് ചെയ്തു. ഇപ്പോൾ ജാമ്യംലഭിച്ച് നാട്ടിലാണ്. കേസിൽ വൈകാതെ കുറ്റപത്രം സമർപ്പിക്കും. കുറ്റബോധം സൃഷ്ടിച്ച വിങ്ങൽ ഉറക്കംപോലും നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് കുറ്റം ഏറ്റുപറഞ്ഞതെന്നാണ് മുഹമ്മദലി അന്നു പറഞ്ഞത്.

കൂടരഞ്ഞി വാതല്ലൂർ ദേവസ്യയുടെ പറമ്പിൽ കൂലിപ്പണിക്കു നിൽക്കുമ്പോൾ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻശ്രമിച്ചയാളെ തോട്ടിലേക്ക് തള്ളിയിട്ടുകൊന്നുവെന്നാണ് മുഹമ്മദലിയുടെ കുറ്റസമ്മതമൊഴി. ഉപദ്രവിക്കാൻ ശ്രമിച്ചയാളെ തള്ളിയിട്ട ഉടൻ സ്ഥലംവിടുകയായിരുന്നുവെന്നും രണ്ടുദിവസം കഴിഞ്ഞാണ് മരിച്ചകാര്യം അറിയുന്നതെന്നുമാണ് മുഹമ്മദലി പറഞ്ഞത്. അന്നത്തെ എസ്.ഐ. ആയിരുന്ന ഒ.പി. തോമസ് ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും നിർണായകമായ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. പോലീസ് രേഖയിൽ ഉള്ളത് മോഹനൻ എന്ന ഒരു പേരുമാത്രമായിരുന്നു. ഈ പേരിന്റെ അടിസ്ഥാനത്തിൽ പാലക്കാടും കണ്ണൂരുമായിരുന്നു പോലീസ് അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. എസ്.ഐ. കെ.എം. ജോർജ്, സീനിയർ സി.പി.ഒ. സി. ഉജേഷ് തുടങ്ങിയവരടങ്ങിയ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

1989-ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് മറ്റൊരാളെ മണലിൽ മുഖംപൂഴ്ത്തിക്കൊല്ലാൻ സഹായിച്ചിട്ടുണ്ടെന്ന്‌ മുഹമ്മദലി വെളിപ്പെടുത്തിയിരുന്നെങ്കിലും അതിൽ ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കൂടരഞ്ഞി സ്വദേശിയാണ് മുഹമ്മദലി. ആന്റണി എന്നാണ് ആദ്യപേര്. രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ വീടുവിട്ടുപോയതാണ്. പലയിടത്തും ഹോട്ടൽജോലിയും മറ്റുംചെയ്ത് വരുകയായിരുന്നു. ഏറെക്കാലമായി വീട്ടുകാരുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. പിന്നീട് തിരിച്ചെത്തി കൂടരഞ്ഞിയിൽനിന്ന് വിവാഹംചെയ്തെങ്കിലും വിവാഹബന്ധം വേർപെട്ടു. പിന്നീട് വേങ്ങരയിൽ പോയി മതംമാറി ആന്റണി മുഹമ്മദലിയായി.

തിരിച്ചറിഞ്ഞതിൽ സന്തോഷം

താൻ പറഞ്ഞയാളെ പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പ്രതി മുഹമ്മദാലി. ‘ഞാൻ അന്ന് കൊലപാതകം നടത്തിയതിന്റെ മൂന്നാംദിവസം മൃതദേഹം കണ്ടെത്തുകയും സംസ്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ബന്ധുക്കൾ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ബന്ധുക്കൾക്കിനി മരിച്ചതിനുശേഷം ചെയ്യാനുള്ള കർമങ്ങൾ ചെയ്യാമല്ലോ. ഞാൻ അന്നുചെയ്ത കുറ്റത്തിന് എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്’ -മുഹമ്മദലി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടാമത്തെ കൊലപാതകത്തിൽ ലഭിച്ചത് ക്രൈംനമ്പർ മാത്രം

മുഹമ്മദലിയുടെ ഏറ്റുപറച്ചിലിൽ കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളെ കണ്ടെത്തിയെങ്കിലും 1989-ൽ കോഴിക്കോട് ഗാന്ധിറോഡ് ജങ്ഷനു സമീപത്തെ കടപ്പുറത്ത് വെച്ച് മുഹമ്മദലിയും സുഹൃത്തും ചേർന്ന് നടത്തിയ കൊലപാതകത്തിന്റെ ഒരു സൂചനകളും ലഭിച്ചില്ല.

എഫ്.ഐ.ആർ. ഇൻഡക്സിലെ െെക്രംനന്പർ മാത്രമാണ് പോലീസിന് കിട്ടിയ ഏക തെളിവ്. ആദ്യം അസ്വാഭാവിക മരണമായി രജിസ്റ്റർചെയ്ത കേസ് പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊലപാതക്കുറ്റമാക്കി മാറ്റിയെന്ന വിവരം മാത്രമേ ലഭിച്ചിട്ടുള്ളൂ. വെളിപ്പെടുത്തലിൽ പറയുന്ന കൊലപാതകം 1989 സപ്തംബറിൽ കോഴിക്കോട് കടപ്പുറത്താണ് നടന്നത്.

എഫ്.ഐ.ആറും അനുബന്ധരേഖകളും ലഭിക്കാൻ കോടതിയിലും നടക്കാവ് സ്റ്റേഷനിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി മെഡിക്കൽകോളേജ് ആശുപത്രിയിലും ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. കൊല ചെയ്തതിന് തെളിവില്ലാത്തതിനാൽ മുഹമ്മദലിക്കെതിരേ നടക്കാവ് പോലീസിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനുമായിട്ടില്ല.

മുഹമ്മദലിയുടെ 17-ാമത്തെ വയസ്സിലാണ് സംഭവം. സുഹൃത്തിന്റെ പണം പിടിച്ചുപറിച്ചതിന്റെ പ്രതികാരത്തിൽ കഞ്ചാവ് ബാബു എന്നറിയപ്പെടുന്നയാളും താനും ചേർന്നാണ് മുപ്പതു വയസ്സുകാരനെ കൊന്നത്. താൻ രണ്ട് കാലും പിടിച്ചുകൊടുക്കുകയും സുഹൃത്ത് ബാബു പൂഴിയിൽ മുഖമമർത്തി യുവാവിനെ കൊല്ലുകയും ചെയ്തുവെന്നാണ് മൊഴി. മുപ്പത് വയസ്സുതോന്നിക്കുന്നയാളുടെ മൃതദേഹം വായിൽ നിന്നും മൂക്കിൽ നിന്നും ചോരവന്ന നിലയിൽ കണ്ടെത്തിയെന്ന് 1989 സപ്തംബർ 25-ന് പ്രസിദ്ധീകരിച്ച മാതൃഭൂമി വാർത്തയിൽ പറയുന്നുണ്ട്. പക്ഷേ, വ്യക്തമായ മറ്റ് രേഖ പോലും കിട്ടാത്തതിനാൽ മുഹമ്മദലിയെ ഒരു തരത്തിലും ബന്ധിപ്പിക്കാനാവില്ല.

കടപ്പുറത്തെ കൊലപാതകത്തിൽ 1989-ൽ തന്നെ അന്വേഷണം നടത്തി കൊല്ലപ്പെട്ടയാളെ തിരിച്ചറിയാത്തതിനാൽ തെളിയാത്ത കേസായി പോലീസ് റിപ്പോർട്ട് സമർപ്പിച്ചതാണ്.

1991-ൽ അന്നത്തെ നടക്കാവ് ഇൻസ്പെക്ടറായിരുന്ന റിട്ട എസ്.പി. എൻ. സുഭാഷ് ബാബുവാണ് തെളിയാത്ത കേസാക്കി സിറ്റി പോലീസ് കമ്മിഷണർക്കു നൽകിയത്. അതിന്റെയും രേഖകൾ ഇല്ല. വായയും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചാണ് കൊന്നതെന്നാണ് അന്നത്തെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ എഴുതിയതെന്നാണ് ഓർമ്മയെന്ന് മുഹമ്മദലിയുടെ വെളിപ്പെടുത്തലിനു പിന്നാലെ സുഭാഷ്ബാബു മാതൃഭൂമിയോട് വ്യക്തമാക്കിയിരുന്നു.

മുഹമ്മദാലി പറഞ്ഞ കഞ്ചാവ് ബാബു എന്നയാൾ ശാന്തിനഗർ കോളനിയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നും സുഭാഷ് ബാബു പറഞ്ഞു. കഞ്ചാവ് ബാബുവിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളും ലഭിച്ചില്ല.