ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതി വിദേശകാര്യ മന്ത്രാലയത്തിന്റെ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. ഇക്കാര്യത്തിൽ ഒരുമാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര വിജിലൻസ് കമ്മീഷൻ നിർദേശം നൽകി.

To advertise here,

അബുദാബിയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ മന്ത്രിതല യോഗത്തിൽ പി.ആർ കമ്പനി മാനേജരായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് കാണിച്ചുള്ള പരാതിയിലാണ് അന്വേഷണം. ലോക്താന്ത്രിക് യുവ ജനതാദൾ നേതാവ് സലീം മടവൂരാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതി നൽകിയത്.

ഇക്കാര്യത്തിൽ അന്വേഷണം നടത്തി പരാതി അടിസ്ഥാന രഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സലീം മടവൂർ കേന്ദ്ര വിജിലൻസ് കമ്മീഷനെ സമീപിച്ചത്. സാധാരണയായി അഴിമതി കേസുകളാണ് കേന്ദ്ര വിജിലൻസിന്റെ അന്വേഷണ പരിധിയിൽ പെടാറുള്ളത്. പുതുതായി കിട്ടിയ പരാതിയിൽ സാംഗത്യമുണ്ടോയെന്നാണ് വിജിലൻസ് ഓഫീസർ പരിശോധിക്കുക.

content highlights:complaint against V Muraleedharan will be investigated by the chief vigilance officer