കോയമ്പത്തൂര്‍: ഉക്കടം കോട്ടമേടിലുണ്ടായ സ്ഫോടനക്കേസില്‍ സൂത്രധാരന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായെങ്കിലും പ്രതികളുടെ യഥാര്‍ഥ ലക്ഷ്യമെന്തായിരുന്നു എന്നതില്‍ അവ്യക്തത തുടരുന്നു. കേസില്‍ അറസ്റ്റിലായ മുഹമ്മദ് ദല്‍ഹ, മുഹമ്മദ് അസ്ഹറുദീന്‍, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മായില്‍, നവാസ് ഇസ്മായില്‍ എന്നിവരെ ചൊവ്വാഴ്ച രാത്രിയോടെ മെഡിക്കല്‍പരിശോധന പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്തതിനാല്‍ പോലീസിന് കൂടുതല്‍ ചോദ്യംചെയ്യാന്‍ സാധിച്ചിട്ടില്ല.

To advertise here,

കോട്ടൈ ഈശ്വരന്‍ക്ഷേത്രത്തിന് മുന്നില്‍ ഞായറാഴ്ച വെളുപ്പിനാണ് കാറിലുണ്ടായിരുന്ന സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മരിച്ച ജമീഷ മുബീന്റെ കാറില്‍ രണ്ട് സിലന്‍ഡറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 14 കിലോയുടെ സിലിന്‍ഡറാണ് പൊട്ടിത്തെറിച്ചത്. രണ്ടാമത്തേത് 35 കിലോവരുന്ന വാണിജ്യ സിലിന്‍ഡറായിരുന്നു. ഇത് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ ക്ഷേത്രത്തിന് മുന്നില്‍ വലിയ നാശനഷ്ടം സംഭവിക്കുമായിരുന്നു.

ജമീഷ മുബീന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 75 കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതോടെ പ്രതികള്‍ ആസൂത്രിതമായി സ്ഫോടനംനടത്താന്‍ ലക്ഷ്യമിട്ടുവെന്നാണ് പോലീസ് നിഗമനം. കോട്ടൈ ഈശ്വരന്‍ക്ഷേത്രമല്ല ലക്ഷ്യമെന്നും പോലീസ് വിലയിരുത്തുന്നു. ജമീഷ മുബീന്റെ വീട്ടില്‍നിന്നും കോയമ്പത്തൂര്‍ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ ബുധനാഴ്ചയും പോലീസ് പരിശോധന നടത്തി.