
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പിടികിട്ടാപ്പുള്ളിയായ രാജ എന്ന ടൈലര്‍ രാജ(48) അറസ്റ്റില്‍. 26 വര്‍ഷമായി ഒളിവിലായിരുന്ന ടൈലര്‍ രാജയെ ബുധനാഴ്ച കര്‍ണാടകയില്‍നിന്നാണ് കോയമ്പത്തൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
1998-ല്‍ കോയമ്പത്തൂരിലുണ്ടായ ബോംബ് സ്ഫോടന പരമ്പരയിലെ മുഖ്യപ്രതികളിലൊരാളാണ് ടൈലര്‍ രാജ. നിരോധിത ഭീകരസംഘടനയായ അല്‍-ഉമ്മയുടെ സജീവപ്രവര്‍ത്തകനായിരുന്ന രാജയാണ് കോയമ്പത്തൂരില്‍ സ്ഫോടനം നടത്താനുള്ള ബോംബുകള്‍ വിതരണംചെയ്തതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കോയമ്പത്തൂര്‍ ഉക്കടം ബിലാല്‍ എസ്റ്റേറ്റ് സ്വദേശിയായ രാജ, തയ്യൽക്കാരനായി ജോലിചെയ്തുവരുന്നതിനിടെയാണ് ഭീകരസംഘടനയായ അല്‍-ഉമ്മയുടെ ഭാഗമാകുന്നത്. കോയമ്പത്തൂരില്‍ വാടകയ്ക്കെടുത്ത മറ്റൊരുവീട്ടിലായിരുന്നു ഇയാളുടെ ബോംബ് നിര്‍മാണം. നിര്‍മിച്ച ബോംബുകള്‍ സൂക്ഷിച്ചിരുന്നതും ഇവിടെയായിരുന്നു. തുടര്‍ന്ന് ഈ ബോംബുകള്‍ ഉപയോഗിച്ചാണ് 1998-ല്‍ അല്‍-ഉമ്മ അംഗങ്ങള്‍ കോയമ്പത്തൂരില്‍ ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ബോംബ് സ്ഫോടനക്കേസിന് പുറമേ മൂന്ന് കൊലക്കേസുകളിലും ടൈലര്‍ രാജ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്നവിവരം. 1996-97 കാലയളവില്‍ തമിഴ്നാട്ടിലെ നാഗോര്‍, കോയമ്പത്തൂര്‍ റേസ് കോഴ്സ്, മധുര കരിമേട് പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ചെയ്ത കൊലക്കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിരുന്നത്. കോയമ്പത്തൂരിലെ കോടതിയില്‍ ഹാജരാക്കിയ രാജയെ ജൂലായ് 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്ചെയ്തു.
1998 ഫെബ്രുവരി 14-ന് കോയമ്പത്തൂരിലുണ്ടായ ബോംബ് സ്ഫോടന പരമ്പരയില്‍ 58 പേരാണ് കൊല്ലപ്പെട്ടത്. ഇരുന്നൂറിലേറെ പേര്‍ക്ക് സ്ഫോടനങ്ങളില്‍ പരിക്കേറ്റു. അതേസമയം, കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളായ മുജീബുറഹ്മാന്‍ ഇപ്പോഴും ഒളിവിലാണ്.
Content Highlights: Tailor Raja, a key suspect in the 1998 Coimbatore bomb blasts, was arrested
Published: 10 Jul 2025, 08:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented