ബെംഗളൂരു: ശിവമോഗയില്‍ മൂര്‍ഖന്‍പാമ്പിനെ പിടികൂടിയശേഷം ചുംബിച്ച യുവാവിന് പാമ്പിന്റെ കടിയേറ്റു. ഭദ്രാവതി ബൊമ്മനകട്ടെയിലാണ് സംഭവം. ഭദ്രാവതി സ്വദേശി അലക്‌സിനാണ് കടിയേറ്റത്. 

To advertise here,

പ്രദേശത്ത് കണ്ട പാമ്പിനെ പിടികൂടി ആള്‍ക്കൂട്ടത്തിന് മുന്നില്‍വെച്ച് തലയില്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ അലക്‌സിന്റെ ചുണ്ടില്‍ തിരിഞ്ഞുകൊത്തുകയായിരുന്നു. തുടര്‍ന്ന് അലക്‌സിന്റെ കൈയില്‍നിന്ന് പാമ്പ് വഴുതി നിലത്തുവീണു.

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. പാമ്പിനെ പിടികൂടാന്‍ ആളുകള്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കടിയേറ്റ അലക്‌സ് അപകടനില തരണംചെയ്തു. വീഡിയോ പ്രചരിച്ചതോടെ യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. പാമ്പിനെ പിടികൂടിയശേഷം ആളുകളുടെ മുന്നില്‍വെച്ച് ഇത്തരം പ്രകടനങ്ങള്‍ കാണിക്കുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നതെന്ന് ഒട്ടേറെപ്പേര്‍ പറഞ്ഞു.