
ന്യൂഡൽഹി : എക്സാലോജിക് - സി.എം.ആർ.എൽ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വിചാരണ കോടതിയിൽ എസ്.എഫ്.ഐ.ഒ ഫയൽ ചെയ്ത അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനെതിരേ ഡൽഹി ഹൈക്കോടതി. സി.എം.ആർ.എൽ ഫയൽ ചെയ്ത കേസിൽ തീർപ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ്.എഫ്.ഐ.ഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിർവ്വഹണത്തിന് ഗുണം ചെയ്യുമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ എസ്.എഫ്.ഐ.ഒ ഫയൽ ചെയ്ത അന്വേഷണ റിപ്പോർട്ടിൽ ഉടൻ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പായി.
ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പുറത്തിറക്കിയ ഉത്തരവിലാണ് വിചാരണ കോടതിയിലെ തുടർനടപടികൾ തത്കാലത്തേക്ക് തടയുന്ന തരത്തിലുള്ള പരാമർശമുള്ളത്. ഇതിനിടെ അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തത് ആശയ വിനിമയത്തിലെ കുറവ് കാരണമാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ അറിയിച്ചതായും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എസ്.എഫ്.ഐ.ഒയും വകുപ്പും തമ്മിൽ ആശയ വിനിമയത്തിൽ ഉണ്ടായ കുറവ് കാരണമാണ് റിപ്പോർട്ട് ഫയൽ ചെയ്തതെന്നും ഇത് മനപൂർവ്വം ഉണ്ടായതല്ലെന്നും, അലക്ഷ്യമായി സംഭവിച്ചതാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചതായാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
എക്സാലോജിക് - സി.എം.ആർ.എൽ ഇടപാടും ആയി ബന്ധപ്പെട്ട അന്വേഷണം തുടരുമെങ്കിലും വിചാരണ കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യില്ലെന്ന് എസ്.എഫ്.ഐ.ഒ കോടതിക്ക് വാക്കാൽ ഉറപ്പ് നൽകിയിരുന്നുവെന്ന് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. മുതിർന്ന അഭിഭാഷകർ വാക്കാൽ നൽകുന്ന ഉറപ്പുകൾ കോടതികൾ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്നും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് വ്യക്തമാക്കി. എന്തുകൊണ്ടാണ് ഉറപ്പ് പാലിക്കാത്തതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഡൽഹി ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിന് ശേഷം പുറത്തിറക്കിയ ഉത്തരവിലാണ് അന്വേഷണം ചോദ്യം ചെയ്ത് സി.എം.ആർ.എൽ ഫയൽ ചെയ്ത കേസിൽ ഡൽഹി ഹൈക്കോടതി തീർപ്പ് ഉണ്ടാക്കുന്നത് വരെ വിചാരണ കോടതിയിലെ നടപടികളും ആയി മുന്നോട്ട് പോകുന്നതിന് എതിരായ നിലപാടെടുത്തത്.
Content Highlights: cmrl exalogic case sfio investigations delhi high court order
Published: 29 May 2025, 02:19 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented