കോഴിക്കോട്: പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുകയാണെന്ന് ബിജെപി ദേശീയസെക്രട്ടറി കെ.സുരേന്ദ്രൻ. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഔദ്യോഗികമായി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്ത് യുഡിഎഫ് സർക്കാർ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

To advertise here,

ഇ.ഡി. കേസന്വേഷണ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടും ഡിലേ ടാക്റ്റിസാണ് സർക്കാർ എടുക്കുന്നത്. ഹവാലയും അഴിമതിയും മാത്രമല്ല, അധികാര ദുർവിനിയോഗം കൂടി ഇതിലുണ്ട്. പൊതുപ്രവർത്തകർ അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുന്നത് കൊണ്ടാണ് ഇഡി വിവരങ്ങൾ സംസ്ഥാന സർക്കാരിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

വീണ.ടിയുടെ കമ്പനിയുടെ സേവനമല്ല, മറിച്ച് ധാതുമണൽ കടത്താനുള്ള കൈക്കൂലി വാങ്ങലാണ് നടന്നത്. സിഎംആർഎൽ തന്നെ തങ്ങൾ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പണം നൽകിയത് സമ്മതിച്ചിട്ടുണ്ട്. എന്നാൽ കേസ് എടുക്കാതെ ആഭ്യന്തരമന്ത്രി ഒളിച്ചുകളിക്കുകയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നപ്പോൾ എന്താണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. പ്രതിപക്ഷ നേതാവും ഇത് തന്നെയാണ് അഞ്ചു വർഷമായി ചോദിച്ചത്. എന്നാൽ ഇപ്പോൾ ഇവരൊന്നും മിണ്ടുന്നില്ല. സംസ്ഥാന സർക്കാരിന് ഇച്ഛാശക്തിയില്ല. കേസ് അന്വേഷണം തുടർന്നാൽ യുഡിഎഫ് നേതാക്കൾ കുടുങ്ങുമെന്ന ഭയമാണ് സർക്കാരിനുള്ളത്.

ഈ കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങളോട് നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സതീശൻ പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ്. പിണറായി വിജയന് പിന്തുണയുമായി വൈകാതെ കുഞ്ഞാലിക്കുട്ടിയിറങ്ങും. നിരവധി കേസുകൾ ഇങ്ങനെ ഒത്തുതീർപ്പാക്കിയിട്ടുണ്ട്. രാഷ്ട്രീയ കേസുകൾ തേച്ചുമാച്ച് കളയുന്നതാണ് കേരളത്തിലെ രീതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു, വൈസ് പ്രസിഡന്റ് ഇ.പ്രശാന്ത് കുമാർ എന്നിവരും സംബന്ധിച്ചു.