ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിൽ സംഘർഷം തുടരുന്നതിനിടെ കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സി.ജെ.പി. പ്രതിനിധികൾ. ചർച്ചയിൽ സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരാണ് പങ്കെടുത്തത്. ഏകദേശം രണ്ട് മണിക്കൂറിലധികം കാത്തിരുന്ന ശേഷമാണ് നഡ്ഡയുടെ വസതിയിൽവെച്ച് പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്. സമരക്കാരുടെ ആവശ്യങ്ങൾ അടങ്ങിയ ഔദ്യോഗിക കത്ത് നേതാക്കൾ മന്ത്രിക്കു കൈമാറി.

To advertise here,

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ഉറപ്പാക്കുന്നതിനുപുറമെ, സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഉടൻ മോചിപ്പിക്കുക, ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാർഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ നേതാക്കൾ ഉന്നയിച്ചതായാണ് സൂചന. ഈ ആവശ്യങ്ങളിൽ സർക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കാൻ തനിക്ക് സമയം വേണമെന്ന് നഡ്ഡ അറിയിച്ചതായും വിഷയങ്ങൾ ചർച്ചചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും സി.ജെ.പി വക്താവ് അശുതോഷ് രംഗ അറിയിച്ചു.

അതേസമയം ഡൽഹിയിൽ പാർലമെന്റിലേക്ക് മാർച്ച് ചെയ്ത സി.ജെ.പി പ്രവർത്തകരും പോലീസും തമ്മിലുള്ള സംഘർഷം തുടരുകയാണ്. പ്രതിഷേധക്കാർക്കുനേരെ പട്ടേൽ ചൗക്കിലും ശാസ്ത്രി ഭവന് സമീപവുംവെച്ച് പോലീസ് ലാത്തിചാർജ് നടത്തി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അങ്‌മോ ഉൾപ്പെടെയുള്ളവർക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായതായും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ ക്രൂരമായി മർദിച്ചതായും സി.ജെ.പി നേതാക്കൾ ആരോപിച്ചു. സമാജ്‌വാദി പാർട്ടി നേതാവ് ഡിംപിൾ യാദവ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.