രണകൂടത്തെയോ അതിന്റെ ഭീഷണികളെയോ അൽപംപോലും ഭയക്കാത്ത ഒരുകൂട്ടം യുവാക്കൾ. രാജ്യത്തിന്റെ ഭാവിയും ഭാഗധേയവും നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന വിദ്യാർഥികൾക്ക് നേരെ അനീതിയുണ്ടായപ്പോൾ അതിനെതിരേ രംഗത്തെത്തിയവർ. കോക്രോച്ച് ജനതാ പാർട്ടിക്കാർ, അഥവാ ജെൻസിക്കാർ ഉയർത്തിയ പ്രതിഷേധവും സമരവും ഇന്ന് ഇന്ദ്രപ്രസ്ഥത്തെയാകെ ഉലച്ചുമറിച്ചിരിക്കുകയാണ്.

To advertise here,

ജൻ-സികൾ ഉന്നയിച്ച വിഷയം, അതിന്റെ തീവ്രത, അതിനെ സർക്കാർ നേരിട്ട രീതി ഇവ ഇന്ത്യൻരാഷ്ട്രീയത്തിൽ വലിയചർച്ചകൾക്കാണ് വഴിതെളിച്ചിട്ടുള്ളത്. അതിനേക്കാളേറെ, ഇതുവരെ മടിച്ചുനിന്ന രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് വിഷയം ഏറ്റെടുക്കാതിരിക്കാൻ കഴിയാത്ത വിധത്തിലേക്ക് അവർ ഉയർത്തിയ പ്രതിഷേധം രാജ്യത്തെ പിടിച്ചുലയ്ക്കുകയും ചെയ്തു. അതാണ് ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

ജൂൺ ആറാം തീയതിയാണ് കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിലെ ജന്തർ മന്ദറിൽ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച വിഷയത്തിൽ സമരം ആരംഭിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക എന്നതായിരുന്നു ആവശ്യം. പരിസ്ഥിതി-സാമൂഹികപ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരസമരം ആരംഭിച്ചു. ഇരുപതുദിവസം പിന്നിട്ടിട്ടും നടപടിയൊന്നും സ്വീകരിക്കാത്ത സർക്കാർ 22-ാം ദിവസം പക്ഷേ അദ്ദേഹത്തെ ബലംപ്രയോഗിച്ച് ആശുപത്രിയിലാക്കി. സമരത്തെ നേരിടാൻ സർക്കാർ ഒരുങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്.

തിങ്കളാഴ്ച സിജെപിയുടെ നേതൃത്വത്തിൽ യുവാക്കൾ നടത്തിയ പാർലമെന്റ് മാർച്ച് വലിയസംഘർഷത്തിന് സാക്ഷ്യംവഹിച്ചു. ഉച്ചയ്ക്ക് 12-ഓടെ ആയിരക്കണക്കിനാളുകളാണ് മുദ്രാവാക്യംവിളികളുമായി പാർലമെന്റിന് തൊട്ടടുത്തെത്തിയത്. പാർലമെന്റിന്റെ മുഴുവൻ കവാടങ്ങളും മൂന്നുമണിക്കൂറിലേറെ അടച്ചിട്ടായിരുന്നു സർക്കാർ, സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയത്. 2001-ലെ പാർലമെന്റ് ഭീകരാക്രമണത്തിനുശേഷം ഇതാദ്യമായിട്ടായിരുന്നു പാർലമെന്റ് കവാടങ്ങൾ മുഴുവനും മണിക്കൂറുകൾ അടച്ചിടുന്നത്.

പ്രതിഷേധക്കാർ അടുത്തെത്തിയതോടെ അകത്തുണ്ടായിരുന്ന സുരക്ഷാസേനാംഗങ്ങൾ പാർലമെന്റിന്റെ വിവിധ കവാടങ്ങളിലേക്ക് കുതിച്ചു. പ്രതിഷേധക്കാർ പാഞ്ഞടുത്തതോടെ റെയിൽഭവന് സമീപം പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. ഒരുമണിക്കൂറോളം പാർലമെന്റിന് പുറത്ത് കണ്ണീർവാതക പ്രയോഗമുണ്ടായി. പിന്നീട് പ്രതിഷേധക്കാരെ പാർലമെന്റിന് സമീപത്തുനിന്ന് തുരത്തിയോടിച്ച് മണിക്കൂറുകൾക്കുശേഷമാണ് കവാടങ്ങൾ തുറന്നത്. തിങ്കളാഴ്ച രാവിലെമുതൽ ജന്തർമന്തർ, പാർലമെന്റ് പരിസരങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങളും സർക്കാരിന്റെ നിർദേശപ്രകാരം ടെലികോം കമ്പനികൾ നിർത്തിവെച്ചിരുന്നു.

മാർച്ചിൽ പങ്കെടുത്ത യുവാക്കളെ ഡൽഹി പോലീസ് തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തെത്തി. സമരത്തിനിടെ ദ്രുതകർമസേന വളഞ്ഞിട്ടാക്രമിച്ച യുവാവ്, തന്നെ അടിക്കാൻ പറഞ്ഞ് ഉദ്യോഗസ്ഥരോട് രോഷംകൊള്ളുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.

പ്രതിഷേധക്കാർക്കുനേരേയുണ്ടായ ലാത്തിച്ചാർജിനിടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥർ വളഞ്ഞപ്പോൾ 'മുജേ മാരോ സാർ' എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട് തന്നെ അടിക്കാൻ പറയുന്നതാണ് ദൃശ്യത്തിലുള്ളത്. ദേശീയപതാക കൈയിൽപ്പിടിച്ചെത്തിയ വനിതാ ഉദ്യോഗസ്ഥ യുവാവിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. നാഗ്പുരിൽനിന്ന് സമരത്തിനെത്തിയ ഭരത് എന്ന യുവാവാണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തന്റെ ശരീരത്തിൽ ഓരോ ഇഞ്ചിലും പോലീസ് മർദിച്ചെന്ന് ഭരത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുപതോളം ഉദ്യോഗസ്ഥർ ചേർന്നാണ് അടിച്ചത്. അതേസമയം, പ്രതിഷേധക്കാർ തങ്ങളെ ഉന്നംവെച്ചെന്ന ആരോപണവുമായി ഡൽഹിപോലീസും രംഗത്തെത്തി.

സിജെപി നടത്തിയ പാർലമെന്റ് മാർച്ചിനെ ഡൽഹി പോലീസ് ലാത്തികൊണ്ട് നേരിട്ടപ്പോൾ, അതിനെതിരേ പ്രതിഷേധിക്കുക എന്ന രാഷ്ട്രീയ ഉത്തരവാദിത്വത്തിലേക്ക് കോൺഗ്രസിനെ എത്തിക്കാൻ ആ യുവജനപോരാട്ടത്തിന് സാധിച്ചെന്ന് വേണം പറയാൻ. പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത യുവാക്കളെ തല്ലിച്ചതച്ചതിനെതിരേ കോൺഗ്രസ് പ്രതിഷേധം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലായിരുന്നു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരും എംപിമാരും പങ്കെടുത്തു. തുടർന്ന് രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ളവരെ പോലീസ് ബലമായി കസ്റ്റഡിയിൽ എടുത്തുനീക്കുകയായിരുന്നു. രാഹുൽ ഗാന്ധിയെ പോലീസ് വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. അതിനിടെ അദ്ദേഹത്തിന്റെ മുഖത്തിന് പരിക്കേൽക്കുകയും ചെയ്തു. പോലീസ് വാഹനത്തിന്റെ ഉള്ളലിരിക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളിൽ അദ്ദേഹത്തിന്റെ മൂക്കിൽനിന്ന് രക്തം വരുന്നതും കാണാമായിരുന്നു.

യുവജനരോഷത്തിന്റെ അഗ്നിജ്വാലകൾക്കാണ് ചൊവ്വാഴ്ചത്തെ സായാഹ്നത്തിൽ രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചത്. രാവ് പകലാക്കി പഠിച്ച പല വിദ്യാർഥികളെയും പച്ചയ്ക്ക് പറ്റിച്ചതിനെതിരേ തെരുവിലിറങ്ങിയിരിക്കുകയാണ് ജെൻസികൾ. കാര്യങ്ങൾ ഇത്രയൊക്കെ ആയിട്ടും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ എന്തുകൊണ്ട് രാജി വെക്കുന്നില്ല എന്നതാണ് ചോദ്യം. കാര്യങ്ങൾ ഇത്രയൊക്കെ ആയിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നത് മറ്റൊരു ചോദ്യം.

സിജെപിയുടെ തിങ്കളാഴ്ച നടന്ന പാർലമെന്റ് മാർച്ചിന് മുൻപും ശേഷവും എന്ന് സമരത്തെ വിഭജിക്കാം. മാർച്ച്, അതിന് നേരെയുണ്ടായ സർക്കാർ നടപടി, കോൺഗ്രസിന്റെ ഇടപെടൽ എന്നിവ ആ സമരത്തിന്റെ രൂപത്തെയും ഭാവത്തെയും അപ്പാടെ മാറ്റിക്കളഞ്ഞു. ഇനി ഇതിനെ കൈകാര്യം ചെയ്യുന്നത് അതീവശ്രദ്ധയോടെ അല്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് സർക്കാരിനും ബോധ്യപ്പെട്ടിട്ടുണ്ടാകണം. പാറ്റകൾ ധർമേന്ദ്ര പ്രധാന്റെ മാത്രം കഞ്ഞിയിലാണോ ഇനി മറ്റാരുടെയെങ്കിലും കഞ്ഞി മോശമാക്കുമോ എന്ന് വരുംദിവസങ്ങൾ വ്യക്തമാക്കും.